ആലപ്പുഴ: അടുത്ത അഞ്ചു ദിവസം വേനൽ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കുട്ടനാട്, അപ്പർകുട്ടനാട്ടിലെ കർഷകരെ ആശങ്കയിൽ. പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ച കർഷകർക്ക് വേനൽമഴ തിരിച്ചടിയാണ് നൽകുന്നത്. വേനൽ മഴക്കൊപ്പം കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും വിളവെടുപ്പ് പ്രതിസന്ധിയിലാക്കുന്നു.ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . നൂറുമേനി വിളവ് പ്രതീക്ഷിക്കുന്ന നെൽചെടികൾ നിലംപൊത്തിയാൽ കർഷകർക്ക് സാമ്പത്തിക ബാദ്ധ്യതയ്ക്ക് ഇടവരുത്തും.കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 500 ഹെക്ടറിലാണ് വിളവെടുപ്പ് പൂർത്തിയായത്. ഈ ആഴ്ച 700 ഹെക്ടർ വിളവെടുപ്പ് പൂർത്തികരിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.
.......
#മഴ വിനയും ഗുണകരവും
വേനൽമഴ ആദ്യം വിതച്ചവർക്ക് വിനയാകുമ്പോൾ വൈകി വിളവെടുത്തവർക്ക് ഗുണകരമാകുന്നു. 70മുതൽ 90ദിവസം പ്രായമായതും പൂർണ വിളവെത്തിയ നെൽചെടികളെയാണ് നശിപ്പിക്കുന്നത്. ചൊട്ട പൊട്ടി പൂവായ ചെടികളിൽ പകൽ സമയത്ത് മഴ അനുഭവപ്പെട്ടാൽ വിളവ് കുറയും. പരാഗണത്തിനുള്ള അവസരമില്ലാതെ പൂവ് കൊഴിഞ്ഞ് കതിർ പതിരായി മാറും. ഇത് വിളവിനെ ബാധിക്കും.കൊയ്ത്ത് പ്രായം എത്തിയ നെൽച്ചെടികൾ നിലംപൊത്തി നശിക്കും. ഇത്തവണ യന്ത്രവാടകയും വർദ്ധിപ്പിച്ചതും കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി. 70 ദിവസത്തിന് താഴെ പ്രായമായ നെൽചെടികൾക്ക് മഴഗുണകരമാണെന്ന് കർഷകർ പറയുന്നത്.
.........
# കൃഷിയിറക്കിയത്: 25,482 ഹെക്ടറിൽ
# ഇതുവരെ വിളവെടുത്തത്: 2 പാടശേഖരം
# മാർച്ച് ആദ്യവാരം എടുക്കേണ്ടത്: 33
# മാർച്ച് രണ്ടാംവാരം: 75
.......
" ആദ്യം വിതച്ചവർക്ക് വേനൽമഴ തിരിച്ചടിയാകും. വിളവെടുപ്പിനെ കാര്യമായി ബാധിക്കും. വൈകിവിതച്ചവർക്ക് മഴ ഗുണമാകും. കൊയ്യുന്ന നെല്ല് വേഗത്തിൽ സംഭരണം പൂർത്തികരിക്കണം.
കർഷകൻ, കുട്ടനാട്