
അമ്പലപ്പുഴ: ദേശീയ പാതയിൽ കച്ചേരി മുക്കിന് തെക്ക് ഭാഗം കിഴക്ക് വ്യാപാര സ്ഥാപനങ്ങളിലെ തീപിടിത്തിൽ അഞ്ച് കടമുറികൾ പൂർണമായി കത്തി നശിച്ചു. ഇന്നലെ പുലർച്ചെ ബിജി ബിൽഡിംഗിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി മുടക്കത്തിന് ശേഷം വൈദ്യുതിയെത്തിയപ്പോൾ തീ പിടിക്കുകയായിരുന്നുവെന്നാണ് കെട്ടിട ഉടമ ബിജി പറയുന്നത്. കുന്നു പറമ്പ് ചന്ദ്രന്റെ ചന്ദ്രാ ടൈലേഴ്സ് ,തോട്ടപ്പള്ളി ശ്രീ മംഗലം രമേശിന്റെ അലൻ ബേക്കറി, കോമന പുതുപ്പറമ്പ് വിജയന്റെ വിനായക പൂജാ സ്റ്റോഴ്സ്, റാണി നിവാസിൽ ഷാജിയുടെ കണ്ണൻ മെഡിക്കൽ സ്റ്റോർ എന്നിവയാണ് കത്തി നശിച്ചത്.തയ്യൽക്കടയിലാണ് ആദ്യം തീപടർന്നത്. ഇവിടെ നിന്ന് മേൽക്കൂര വഴി മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു.5 കടമുറികളിലായാണ് 3 കടകൾ പ്രവർത്തിച്ചിരുന്നത്.ഫ്രിഡ്ജുകൾ, ഇൻവെർട്ടറുകൾ, ഫാനുകൾ, ഷെൽഫ് ,റാക്കുകൾ, 7 ആധുനിക തയ്യൽ മെഷീനുകൾ തുടങ്ങിയവയും കടകളിലെ മറ്റെല്ലാ സാധനങ്ങളും പൂർണമായി കത്തി നശിച്ചു.ആലപ്പുഴ, ഹരിപ്പാട്, തകഴി എന്നിവിടങ്ങളിൽ നിന്ന് 5 യൂണിറ്റ് ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമ്പലപ്പുഴ ഡി.വൈ.എസ്.പി സുരേഷ് കുമാർ, സി.ഐ എസ് ദ്വിജേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.