
ആലപ്പുഴ: സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്ന കെ റെയിൽ നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏഴിന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുവാൻ നേതൃയോഗം തീരുമാനിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി 137 ചലഞ്ചിന്റെ ഭാഗമായി യു.എ.ഇ ഇൻകാസ് നൽകുന്ന ഫണ്ടിന്റെ ആദ്യഗഡുവായി 100 യൂണിറ്റ് തുക യോഗത്തിൽ ഇൻകാസ് ജനറൽ സെക്രട്ടറി എസ്. അശോക് കുമാർ ഡി.സി.സി പ്രസിഡന്റിന് കൈമാറി.
ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. പ്രദീപ്, വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ഡി.സി.സി ഭാരവാഹികളായ ജി. സഞ്ജീവ് ഭട്ട്, പി.ബി. വിശ്വേശ്വരപണിക്കർ എന്നിവർ സംസാരിച്ചു.