ആലപ്പുഴ: രണ്ടുവ‌‌ർഷമായി തകർന്നുകിടക്കുന്ന കല്ലുപാലം - ചുങ്കം റോഡിൽ ദുരിതം വിതച്ച് ബി.എസ്.എൻ.എൽ നിർമ്മാണ പ്രവർത്തനം. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ കേബിൾ വലിക്കാൻ കുഴിയെടുത്തത് നാട്ടുകാർക്ക് തലവേദനയാകുകയാണ്. നിർമ്മാണ പ്രവർത്തനം കഴിഞ്ഞെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി റോ‌ഡ് വെട്ടിപ്പൊളിച്ച നിലയിലാണ്. ഇന്നലെ കുഴി മൂടുമെന്ന് പ്രദേശവാസികൾക്ക് അധികൃതർ ഉറപ്പ് നൽകിയെങഅകിലും അത് പാലിച്ചില്ല. ഇടിഞ്ഞുതാണ് കിടക്കുന്നതിന്റെ നേരെ എതിർവശത്തായാണ് കുഴിയെടുത്തിരിക്കുന്നത്. ഇതോടെ റോഡിന്റെ വീതി വീണ്ടും കുറഞ്ഞു. അഞ്ച് ദിവസത്തിനിടെ നിരവധിപ്പേരാണ് ഈ കുഴിയിൽ വീണത്. ഇരുചക്ര വാഹന അപകടവും കാറുകളുടെ രണ്ട് വീലുകൾ കുഴിയിൽ പുതയുന്നത് സ്ഥിരം സംഭവമാണ്. റോഡ് പൂർണമായി തകർന്നതോടെ വ്യാപാരം പോലും കുറഞ്ഞതായി പ്രദേശത്തെ കച്ചവടക്കാർ പറഞ്ഞു. ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള വഴിയായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് സദാസമയം ഈ വഴി ഉപയോഗിക്കുന്നത്.

............

'' റോഡ് ഇടിഞ്ഞുതാണ് കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. ഇതു വരെ പുനർനിർമ്മിക്കാൻ അധികൃത‌ർക്ക് സാധിച്ചിട്ടില്ല. കൂനിന്മേൽ കുരു പോലെയാണ് ബി.എസ്.എൻ.എല്ലിന്റെ കുഴിവെട്ട്. അവരായിട്ട് കുഴി മൂടുന്നില്ലെങ്കിൽ ഞങ്ങൾ തന്നെ മൂടും.

റിസ്വാൻ, പ്രദേശവാസി