ന്യൂഡൽഹി: വെർച്വൽ കറൻസിയും ഡിജിറ്റൽ സർവകലാശാലയും അടക്കം ഡിജിറ്റൽ മേഖലയ്‌ക്ക് വൻ പ്രാധാന്യം നൽകി ആധുനിക ഇന്ത്യയ്‌ക്കായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച, ആരോഗ്യം, കൃഷി, സമഗ്രവികസനം,സ്വകാര്യവൽക്കരണം തുടങ്ങിയ രംഗങ്ങളിൽ കുതിച്ചു ചാട്ടം വിഭാവനം ചെയ്യുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ആസന്നമായിട്ടും ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കി. ആദായ നികുതി ഇളവുകൾ ഇല്ല.
സ്വതന്ത്ര ഇന്ത്യയ്‌ക്ക് നൂറ് വയസ്സാകാൻ ശേഷിക്കുന്ന ഇരുപത്തഞ്ച് വർഷത്തെ 'അമൃതകാലം' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, കാൽ നൂറ്റാണ്ടിന്റെ സാമ്പത്തിക വളർച്ചയ്‌ക്കുള്ള രൂപരേഖയാണ് ബഡ്ജറ്റെന്ന് മന്ത്രി അവകാശപ്പെട്ടു.
പതിന്നാല് മേഖലകളിൽ 60ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നതാണ് വലിയ പ്രഖ്യാപനങ്ങളിലൊന്ന്. അടിസ്ഥാനസൗകര്യ വികസനത്തിന് 20,000 കോടി വകയിരുത്തുന്ന പ്രധാൻമന്ത്രി ഗതിശക്തി എന്ന പദ്ധതിയും പ്രഖ്യാപിച്ചു. എൽ.ഐ.സി അടക്കം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്‌ക്കരിക്കും. നെല്ലിനും ഗോതമ്പിനും താങ്ങുവില നൽകാൻ 2.37ലക്ഷം കോടി വകയിരുത്തി. റോഡ്, റെയിൽവേ, വിമാനത്താവളം, തുറമുഖം, വിപുലമായ ഗതാഗതം, ജലഗതാഗതം, സേവനങ്ങളും ഉപകരണങ്ങളും എത്തിക്കൽ എന്നിവയിലൂടെ സാമ്പത്തിക വികസനം ലക്ഷ്യമിടുന്നു.
അടുത്ത 25 വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട ലക്ഷ്യങ്ങൾ അടങ്ങിയ പ്രഖ്യാപനങ്ങൾ നാല് വിഭാഗങ്ങളായാണ് അവതരിപ്പിച്ചത്.
1.പിഎം ഗതിശക്തി (അടിസ്ഥാനവികസനം)
2. സമഗ്ര വികസനം
3. ഉൽപാദനം-നിക്ഷേപം-അവസരമൊരുക്കൽ-ഊർജ്ജ പരിവർത്തനം-കാലാവസ്ഥാ പ്രവർത്തനം
4. നിക്ഷേപ സമാഹരണം
.................................................................
പ്രധാന പ്രഖ്യാപനങ്ങൾ
.ഡിജിറ്റൽ വികസനം
റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി ഇറക്കും.
ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും
5 ജി കണക്ടിവിറ്റി ഇക്കൊല്ലം
ഗ്രാമങ്ങളിൽ ഡിജിറ്റൽ പണമിടപാട് വർദ്ധിപ്പിക്കും.
ഡിജിറ്റൽ സ്വത്തുക്കളുടെ കൈമാറ്റത്തിന് 30% നികുതി.
വെർച്വൽ ഗിഫ്റ്റുകൾ സ്വീകരിക്കുന്നവരും നികുതി നൽകണം.
ചിപ്പും ഭാവി സാങ്കേതികവിദ്യയും അടങ്ങുന്ന ഇ-പാസ്പോർട്ട്
75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ
പോസ്റ്റോഫീസുകളിൽ കോർ ബാങ്കിംഗ്
.......................................................
അടിസ്ഥാന സൗകര്യം
റോഡ്, റെയിൽ വികസനത്തിന് പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ 20,000 കോടി
2022-23ൽ 25,000 കിലോമീറ്റർ ദേശീയ പാത
എക്‌സ്‌പ്രസ് പാതകൾക്ക് ദേശീയ മാസ്റ്റർ പ്ലാൻ
400 പുതുതലമുറ വന്ദേഭാരത് ട്രെയിനുകൾ
പർവത്‌മാല പദ്ധതിയിൽ 60 കിലോമീറ്റർ റോപ് വേ
100 ഗതിശക്തി കാർഗോ ടെർമിനലുകൾ
നാലിടത്ത് മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ
3.8 കോടി കുടിവെള്ള കണക്‌ഷന് 60,000 കോടി
പ്രധാനമന്ത്രി ആവാസ് യോജനയിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കാൻ 48,000 കോടി
......................................
കൃഷി
ഗോതമ്പും നെല്ലും സംഭരിക്കും.താങ്ങുവിലയ്ക്ക് 2.37ലക്ഷം കോടി രൂപ
കാർഷിക, ഗ്രാമീണ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പിനും നബാർഡ് ഫണ്ട്
രാസവസ്‌തു മുക്ത ജൈവകൃഷി പ്രോത്സാഹിപ്പിക്കും
വിളകൾ നിരീക്ഷിക്കാനും കീടനാശിനി തളിക്കാനും കിസാൻ ഡ്രോണുകൾ
44,000 കോടി ചെലവിൽ നദീസംയോജനം. 9 ലക്ഷം ഹെക്ടർ കൃഷി ഭൂമി ജലസേചനം ചെയ്യാം
.................................................................
വിദ്യാഭ്യാസം
ലോകോത്തര വിദ്യാഭ്യാസത്തിന് ഡിജിറ്റൽ സർവകലാശാല
ഇന്ത്യൻ ഭാഷകളിൽ അദ്ധ്യയനത്തിന് ഇ - ഉള്ളടക്കം
ഒരു ക്ലാസ്, ഒരു ടി വി ചാനൽ
ഒന്നു മുതൽ 12 വരെ ക്ലാസുകൾക്ക് സ്വന്തം ചാനൽ
കൊവിഡിൽ നഷ്‌ടമായ ക്ലാസുകൾ പരിഹരിക്കാൻ എല്ലാ പ്രാദേശിക ഭാഷകളിലും 200 ടി. വി ചാനലുകൾ
പ്രതിരോധം
പ്രതിരോധ രംഗത്ത് ആത്മനിർഭർ ഭാരത് ശക്തമാക്കും
പ്രതിരോധ ബഡ്ജറ്റിന്റെ 68 % മേക്ക് ഇൻ ഇന്ത്യയ്‌ക്ക്
ഉപകരണങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ
ഭൂമി രജിസ്ട്രേഷൻ രാജ്യത്ത് എവിടെയും നടത്താൻ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ സോഫ്റ്റ്‌വെയർ.
നാഷണൽ ജനറിക് ഡോക്യുമെന്റ് രജിസ്ട്രേഷൻ നടപ്പാക്കും.
5 ജി സ്‌പെക്ട്രം
5 ജി സേവനം ഈ വർഷം ലഭ്യമാക്കാൻ സ്‌പെക്ട്രം ലേലം
ഫോണിനും തുണിക്കും വില കുറയും
വില കുറയും
മൊബൈൽ ഫോൺ, തുണി, ഡയമണ്ട്, ജെം സ്റ്റോൺസ്, ഫോൺ ചാർജ്ജർ, മൊബൈൽ കാമറ ലെൻസ്, അസറ്റിക് ആസിഡ്, മെഥനോൾ, സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ്ഡ് സ്റ്റീൽ, ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന കല്ലുകൾ.
രാസവസ്തുക്കളുടെ ഇറക്കുമതി തീരുവ
വജ്രങ്ങളുടെയും രത്നങ്ങളുടെയും തീരുവ 5 % കുറച്ചു
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉപകരണങ്ങളുടെ ഇളവ് നീട്ടും
സ്റ്റീൽ സ്ക്രാപ്പിനുള്ള കസ്റ്റംസ് തീരുവ ഇളവ് നീട്ടും
കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടിന് കസ്റ്റംസ് തീരുവ ഇല്ല
ഇ-കോമേഴ്സ് വഴിയുള്ള ആഭരണങ്ങളുടെ കയറ്റുമതി സുഗമമാക്കാൻ ഈ വർഷം ജൂണോടെ നിയന്ത്രണങ്ങൾ ലളിതമാക്കും
വില കൂടും
കുടകൾ, സോഡിയം സയനൈഡ്, ഇമിറ്റേഷൻ ആഭരണങ്ങൾ, ഇറക്കുമതി ചെയ്യുന്ന ടെലിവിഷൻ തുടങ്ങിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, എഥനോൾ ചേർക്കാത്ത പെട്രോൾ, ഇറക്കുമതി ചെയ്യുന്ന കാർഷികോപകരണങ്ങൾ.
ജനപ്രിയം ഒഴിവാക്കി,
വളർച്ചയ്ക്ക് പ്രാമുഖ്യം
ഡോ.വി.കെ. വിജയകുമാർ
(ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
തിരഞ്ഞെടുപ്പുകൾക്കു മുമ്പുള്ള ബഡ്ജറ്റുകൾ മിക്കവാറും ജനപ്രിയമായിരിക്കും.എന്നാൽ, അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് ഇതിനൊരു അപവാദമാണ്.
വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള പ്രലോഭനം മറികടന്ന്, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കണമെന്ന കാഴ്ചപ്പാടുള്ള ബഡ്ജറ്റാണിത്. ഇത്തരം ബഡ്ജറ്റാണ് ഇന്നാവശ്യം.
സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളി ഉയർന്ന വളർച്ച നിലനിറുത്തുകയാണ്. 2021-22ൽ 9.2 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 2022-23ൽ 8-8.5 ശതമാനം വരെയെങ്കിലും നിലനിറുത്തുകയെന്നതാണ് ലക്ഷ്യം. ഇതു നേടാൻ സർക്കാരിന്റെ 2022-23ലെ മൂലധനച്ചെലവ് 35.4 ശതമാനം വർദ്ധിപ്പിച്ച് 7.5 ലക്ഷം കോടി രൂപയായി ഉയർത്തി.
പാവപ്പെട്ടവർക്ക് സഹായമെത്തിക്കാനായി രണ്ടു പ്രധാന ക്ഷേമപദ്ധതികൾക്ക് വൻതുക വകയിരുത്തിയിട്ടുണ്ട്. സമൂഹത്തിൽ പിന്നാക്കം നൽക്കുന്നവർക്ക് വീടുനിർമ്മാണത്തിനായി പ്രധാനമന്ത്രി ആവാസ് യോജനയിൽ 48,000 കോടി രൂപയും 3.8 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് ടാപ്പിലൂടെ കുടിവെള്ളമെത്തിക്കാൻ 60,000 കോടി രൂപയുടെ ജൽജീവൻ പദ്ധതിയുമാണ് പ്രഖ്യാപിച്ചത്.
പൊതു ചെലവ് വർദ്ധിക്കുമ്പോഴും സാമ്പത്തിക അച്ചടക്കം പാലിക്കാനും ധനമന്ത്രി ശ്രമിച്ചു. ധനക്കമ്മി 6.4 ശതമാനമായി പിടിച്ചുനിറുത്താനുള്ള യത്നമാണ് നടത്തുന്നത്. 2020-21ൽ 9.2 ശതമാനവും 2021-22ൽ 6.9 ശതമാനവുമാണിത്.
സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുള്ള ഒരുലക്ഷം കോടി രൂപയുടെ, 50 വർഷത്തെ പലിശരഹിത വായ്പാപദ്ധതിയുടെ ആനുകൂല്യം ഇതുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കാനായി കേരളത്തിനും ഉപയോഗിക്കാം. ചുരുക്കത്തിൽ ജനപ്രിയതയിലേക്ക് പോകാതെ വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന ഗൗരവതരമായ ബഡ്ജറ്റാണിത്.