ന്യൂഡൽഹി: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിൽ ജാമ്യംതേടി പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ അംഗം എം.കെ. നാസർ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാല് ആഴ്ചകഴിഞ്ഞ് പരിഗണിക്കും. 8 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്നും ഹർജിക്കാരൻ സംഭവത്തിന്റെ മുഖ്യസൂത്രധാരനാണെന്നും അഞ്ച് വർഷമായി ഒളിവിലായിരുന്നെന്നും എൻ.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ ചൂണ്ടിക്കാട്ടി. എന്നാൽ 300 ലധികം സാക്ഷികളിൽ 73 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചതെന്നും വിചാരണയ്ക്ക് കൂടുതൽ സമയം എടുക്കുമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ചൂണ്ടിക്കാട്ടി. വിചാരണ എങ്ങനെ നടക്കുമെന്ന് നമുക്ക് നോക്കാമെന്നും നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.