rajunithin
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് മന്ത്രി ആന്റണി രാജു ഗണേശ വിഗ്രഹം സമ്മാനിക്കുന്നു. സമീപം ശശി തരൂർ എം.പി

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ബസുകൾ ഹരിത ഇന്ധനത്തിലേക്ക് മാറ്റാൻ സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില പ്രദേശങ്ങളിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുന്നത് ശാസ്ത്രീയമായി പരിഹരിക്കുമെന്നും കേന്ദ്രത്തിന്റെ ഉറപ്പ്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു കിട്ടിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി. എൻ. ജി, എൽ. എൻ. ജി, വൈദ്യുതി തുടങ്ങിയ ഹരിത ഇന്ധനങ്ങളിലേക്ക് വാഹനങ്ങൾ മാറ്റാൻ കേന്ദ്രം സാമ്പത്തിക പാക്കേജിനു രൂപം നൽകും. എൽ.എൻ.ജിയുടെ വില ഉടൻ നിശ്ചയിക്കും. തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ ഈഞ്ചയ്ക്കലിൽ ഫ്‌ളൈഓവർ നിർമ്മിക്കണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിനു സമീപമുള്ള തിരുവല്ലം ജംഗ്ഷനിലെ സങ്കീർണമായ ഗതാഗതപ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കും. സംസ്ഥാന സർക്കാരുകളുടെ ബസുകൾക്ക് കുറഞ്ഞ പ്രതിമാസ ടോൾ നിശ്ചയിച്ച് പാസ് നൽകുന്നത് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.

ദേശീയ പാതയുടെ വശങ്ങളിലെ ബസ് ഡിപ്പോകളിൽ പാതയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്ന പദ്ധതിയിൽ കേരളത്തെ പരിഗണിക്കും. ദേശീയപാതയിൽ നിന്ന് ഡിപ്പോകളിലേക്ക് ബസുകൾ സുഗമമായി കയറിയിറങ്ങാൻ സൗകര്യം ഉണ്ടാക്കാൻ ദേശീയപാത മേഖലാ അധികൃതർക്ക് ഗഡ്കരി നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങളിൽ ലോജിസ്റ്റിക് ഹബ്ബുകൾ നിർമ്മിക്കാൻ നടപടികളെടുക്കാൻ നാഷണൽ ഹൈവേ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ചീഫ് എക്‌സിക്യുട്ടീവ് പ്രകാശ് ഗൗറിനെ ചുമതലപ്പെടുത്തി.

മന്ത്രിയോടൊപ്പം ശശി തരൂർ എം.പി, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഗിരിധർ അരാമനെ, ദേശീയപാത അതോറിറ്റി ചെയർപേഴ്‌സൺ അൽഖാ ഉപാദ്ധ്യായ തുടങ്ങിയവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

ക്യാപ്ഷൻ: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് മന്ത്രി ആന്റണി രാജു ഗണേശ വിഗ്രഹം സമ്മാനിക്കുന്നു. സമീപം ശശി തരൂർ എം.പി