antony-raju
ബസ് ചാർജ്ജ് വർദ്ധന അനിവാര്യം

ന്യൂഡൽഹി:വിദ്യാർത്ഥികളുടെ സൗജന്യ നിരക്കിൽ ഉൾപ്പെടെ തീരുമാനമെടുത്ത് ബസ് ചാർജ്ജ് വർദ്ധന നടപ്പിലാക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്തി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ദാരിദ്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര പരിഗണനയിലുണ്ട്. മന്ത്രി പറഞ്ഞു.

മിനിമം ചാർജ്ജ് എട്ട് രൂപയിൽ നിന്ന് 12 ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കഴിഞ്ഞ നവംബർ മാസം ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി ചർച്ച നടന്നിരുന്നു. രണ്ട് മാസത്തിലേറെ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്ന സാഹചര്യത്തിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് സ്വകാര്യ ബസ് ഉടമകൾ. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടങ്ങാനാണ് സംസ്ഥാനത്തെ 7,500 ലേറെ വരുന്ന സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.