
ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്തെ രണ്ടായി വിഭജിച്ചെന്നും 50 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പറഞ്ഞു . വികലമായ വിദേശ നയം വിഭിന്ന ആശയങ്ങളുള്ള ചൈനയെയും പാകിസ്ഥാനെയും ഒറ്റക്കെട്ടാക്കി. കേന്ദ്ര സർക്കാർ പണവും അധികാരവും ഉള്ളവർക്കു വേണ്ടിയുള്ള ഒരു ഇന്ത്യയും പാവപ്പെട്ടവരുടെ ഇന്ത്യയുമായി രാജ്യത്തെ വിഭജിച്ചു. ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. താൻ പ്രതിനിധീകരിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒരു സംസ്കാരവും മാന്യതയുമുണ്ട്. മറ്റു സംസ്ഥാനങ്ങൾക്കും ഇത്തരം പ്രത്യേകതയുണ്ട്. രാജ്യത്തിന് മൊത്തമായും ഒരു സംസ്കാരമുണ്ട്. എന്നാൽ അതെല്ലാം ഒരു ആശയത്തെ അടിസ്ഥാനമാക്കി തകർക്കുന്ന ഷഹൻഷയുടെ ഭരണമാണ് ഇന്ത്യയിലിപ്പോൾ.
പഞ്ചാബിലെ കർഷകർ ഒരു വർഷം പ്രതിഷേധിച്ചിട്ടും രാജാവ് മിണ്ടിയില്ല. രാജ്യത്ത് കലാപം ഉയരുന്നത് സർക്കാർ കാണുന്നില്ല. മുത്തശ്ശിയും പിതാവും രാജ്യത്തിനായി ജീവൻ ബലികഴിച്ചതിന്റെ അനുഭവങ്ങളുള്ളതിനാൽ മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. റിപ്പബ്ളിക് ദിനത്തിൽ അതിഥിയെ ലഭിക്കാത്ത തരത്തിൽ ഇന്ത്യ ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നു. ചൈന ആയുധങ്ങൾ വാങ്ങിക്കൂട്ടി ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയാകുന്നു. ദോക്‌ലാമിലും ലഡാക്കിലും അവർക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.
തൊഴിലില്ലായ്മയെക്കുറിച്ച് ഒരു സൂചനയും നയപ്രഖ്യാപന പ്രസംഗത്തിലില്ല. സ്റ്റാർട്ട്അപ്പുകളെ പുകഴ്ത്തുമ്പോഴും ഇക്കൊല്ലം മൂന്നുകോടി യുവാക്കൾ തൊഴിൽ രഹിതരായി. അസംഘടിത തൊഴിൽ മേഖലയിലും ചെറുകിട വ്യവസായ മേഖലയിലാണ് തൊഴിലുണ്ടാകേണ്ടിരുന്നത്. സർക്കാർ ഉയർത്തിക്കാട്ടുന്ന മെയ്ഡ് ഇൻ ഇന്ത്യ നടപ്പാക്കേണ്ടത് ചെറുകിട, ഇടത്തരം വ്യവസായങ്ങളിലൂടെയാണ്. എല്ലാ മേഖലകളിലും അദാനിയെയും അംബാനിയെയും മാത്രമാണ് കാണുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി അംഗങ്ങൾ രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ രീതി തുടർന്നാൽ ബി.ജെ.പി നേതാക്കൾ പ്രസംഗിക്കുമ്പോഴും തടസപ്പെടുത്തേണ്ടി വരുമെന്ന് ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.