galwan

ന്യൂഡൽഹി: ഗാൽവൻ താഴ്‌വരയിൽ 2020 ജൂണിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതിനെ തുടർന്ന് ഭയന്നോടുന്നതിനിടെ 38 ചൈനീസ് സൈനികർ ഗാൽവൻ നദിയിൽ മുങ്ങി മരിച്ചെന്ന് ഓസ്ട്രേലിയൻ പത്രമായ ദ ക്ലാക്‌സൺ റിപ്പോർട്ട് ചെയ്തു. നാല്പതിലധികം ചൈനീസ് സൈനികരെങ്കിലും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. ഗാൽവൻ നദി മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ചൈന സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തെന്ന് ക്ലാക്സണിന്റെ എഡിറ്റർ ആന്റണി ക്ലാക്സൺ പറഞ്ഞു.

നാല് സൈനികരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനയുടെ അവകാശവാദം. ഇത് തെറ്റെന്ന് സാധൂകരിക്കുന്ന റിപ്പോർട്ട് ഗാൽവാൻ ഡീകോഡഡ് എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു സംഘം സമൂഹമാദ്ധ്യമ ഗവേഷകർ ഒരു വർഷം നീണ്ടുന്ന പഠനത്തിനൊടുവിലാണ് റിപ്പോർട്ട് തയാറാക്കിയത്. ചൈനീസ് സാമൂഹ്യമാദ്ധ്യമമായ വെയ്‌ബോ അടക്കമുള്ളവയുടെ ഉപയോക്താക്കളും അന്വേഷണത്തിൽ പങ്കാളികളായെന്നാണ് വിവരം.

2020 ജൂൺ 15,16 ദിവസങ്ങളിൽ സംഘർഷത്തിന്റെ പ്രാരംഭഘട്ടത്തിൽ ഗാൽവൻ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ 38 സൈനികരെങ്കിലും കൊല്ലപ്പെട്ടു.തുടർന്ന്,​ സൈനികരുടെ മൃതദേഹങ്ങൾ ആദ്യം ഷിക്വാൻഹെ രക്തസാക്ഷി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ശേഷം സൈനികരുടെ സ്വദേശങ്ങളിലും മരണാനന്തര ചടങ്ങുകൾ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഗാൽവൻ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്നും ചൈനയുടെ 35ൽ അധികം സൈനികർ കൊല്ലപ്പെട്ടെന്നും നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

2020 ജൂൺ 15ന് കേണൽ സന്തോഷ് ബാബു സൈനികരോടൊപ്പം തർക്കപ്രദേശത്ത് എത്തി. അവിടെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി കേണൽ ക്വി ഫാബാവോയും 150 ഓളം സൈനികരുമുണ്ടായിരുന്നു. ചർച്ചയ്ക്ക് തയാറാകാതെ യുദ്ധത്തിനൊരുങ്ങാനാണ് ക്വി നിർദ്ദേശിച്ചു. ബറ്റാലിയൻ കമാൻഡർ ഷെൻ ഹോംഗ്ജ്യുൻ,​ സൈനികനായ ഷിയാൻഗ്രോംഗ് എന്നിവർ സ്റ്റീൽ പൈപ്പുകൾ,​ കല്ലുകൾ,​ വടികൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തെ ആക്രമിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ തലയ്ക്കടിയേറ്റ ക്വി പലായനം ചെയ്തു. പിന്നാലെ ചൈനീസ് സൈനികരും ജീവനും കൊണ്ടോടി. ഭയന്ന ചൈനീസ് സൈനികർ നീന്തൽ വസ്ത്രം പോലും ധരിക്കാതെ ഗാൽവൻ നദിയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യൻ പ്രതിനിധികൾ ബീജിംഗ്
ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കും

ഉദ്ഘാടനം ഇന്ന്

കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഒരു കേണൽ അടക്കം 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ കലാശിച്ച ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനീസ് കമാൻഡറായ ക്വി ഫാബാവോയെ ദീപശിഖാ വാഹകനാക്കിയതിൽ പ്രതിഷേധിച്ച് ബീജിംഗിൽ ഇന്ന് തുടങ്ങുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന സമാപനച്ചടങ്ങുകൾ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ബഹിഷ്‌കരിക്കും.

ദൂരദർശൻ രണ്ടു ചടങ്ങുകളും സംപ്രേക്ഷണം ചെയ്യില്ല. ശീതകാല ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്ന് സ്‌കീയിംഗ് താരം ആരിഫ് ഖാൻ മാത്രമാണ് പങ്കെടുക്കുന്നത്. ടീം മാനേജർ അബ്ബാസ് വാനി അടക്കം ആറംഗ ഇന്ത്യൻ സംഘം ബീജിംഗിൽ എത്തിയിട്ടുണ്ട്.

ഗാൽവൻ സംഘർഷത്തിന് ശേഷം ചൈനീസ് പട്ടാളം ഇയാൾക്ക് വീരപരിവേഷം നൽകി ആദരിച്ചിരുന്നു.

അതേസമയം,​ ഷിൻജിയാങ് പ്രവിശ്യയിലെ ഉയിഗുർ വംശജരുൾപ്പെടെയുള്ള ന്യൂനപക്ഷ മുസ്ലീങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് തങ്ങളുടെ ഉദ്യോഗസ്ഥരും ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് അമേരിക്ക,​ ബ്രിട്ടൻ,​ ആസ്ട്രേലിയ,​ കാനഡ എന്നീ രാജ്യങ്ങളും പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളുടെ താരങ്ങൾ പങ്കെടുക്കുന്നുണ്ട്.