
ന്യൂഡൽഹി:അഞ്ച് നദികളൊഴുകുന്ന നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് ശക്തികൾ പോർമുഖം തുറക്കുമ്പോൾ മത്സരം പ്രവചനാതീതം. അഭിപ്രായ സർവ്വേകളിൽ ആം ആദ്മിക്ക് മുൻതൂക്കം. പക്ഷേ ആർക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല. കർഷക സമരവും കർഷക സംഘടനകളുടെ രാഷ്ട്രീയ മുന്നണിയും കോൺഗ്രസിലെ പിളർപ്പും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ചയും വരെ ചർച്ചയാകുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 20 ന് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പി പഞ്ചാബിൽ അപ്രസക്തമായിരുന്നു. വിവാദ കാർഷിക നിയമങ്ങൾ മൂലം ഒരു സഖ്യകക്ഷിയെ നഷ്ടപ്പെടുകയും കർഷക രോഷം ഏറ്റുവാങ്ങുകയും ചെയ്തു.
കർഷക രാഷ്ട്രീയ മുന്നണി
ബൽവീർ സിംഗ് രാജേവാൽ നയിക്കുന്ന 22 സംഘടനകളുടെ സംയുക്ത സമാജ് മോർച്ചയും ഗുർനാം സിംഗ് ചാദുനിയുടെ 10 സംഘടനകളുള്ള സംയുക്ത സംഘർഷ പാർട്ടിയും ഒരു മുന്നണിയായി മത്സരിക്കുകയാണ്. എസ്.എസ്.എം 107 സീറ്റിലും എസ്.എസ്.പി 10 സീറ്റിലും. ഈ മുന്നണിയെ ബി.ജെ.പി ഒഴികെ എല്ലാ പാർട്ടികളും ആശങ്കയോടെയാണ് കാണുന്നത്. ബി. ജെ. പിക്ക് കർഷകരുടെ വോട്ടിൽ പ്രതീക്ഷയില്ല.
31.94% വോട്ടുമായി 64 മണ്ഡലങ്ങളിൽ സ്വാധീനമുള്ള പട്ടികജാതി വിഭാഗങ്ങൾ നിർണായക ഘടകമാകും. 34 മണ്ഡലങ്ങൾ പട്ടികജാതി സംവരണമാണ്. കോൺഗ്രസ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഈ വിഭാഗക്കാരനാണ്. അവരുടെ വലിയ പിന്തുണയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ പി. സി. സി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും ചരൺജിത് ചന്നിയും മുഖ്യമന്ത്രിയാവാൻ നടത്തുന്ന പോര് പ്രതിസന്ധിയാണ്. രാഹുൽ ഗാന്ധി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു.മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ സുനിൽ ഝാക്കറും ഈ പോരിൽ ചേർന്നതോടെ സ്ഥിതി രൂക്ഷമായി.
ആം ആദ്മിയെ കൈവിട്ട്
കർഷക സംഘടനകൾ
2017ൽ 20 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മി കർഷക സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിൽ മുന്നോട്ട് പോയിരുന്നു. അവർ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചപ്പോഴും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാൻ അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച്ച നടത്തി. സംയുക്ത സമാജ് മോർച്ച ആവശ്യപ്പെട്ടത് 60 സീറ്റ്. ആം ആദ്മി വാഗ്ദാനം ചെയ്‌തത് 15 സീറ്റ്. ചർച്ച തെറ്റിപ്പിരിഞ്ഞു.
ബി.എസ്.പിയെ കൂട്ടി
അകാലിദൾ
പട്ടികജാതിക്കാരെ പ്രീണിപ്പിക്കാൻ ബി.എസ്.പിയെ കൂട്ടുപിടിച്ച അകാലിദൾ ജയിച്ചാൽ ഉപമുഖ്യമന്ത്രി പട്ടികജാതിയിൽ നിന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എസ്.പിക്ക് 20 സീറ്റ് നൽകി 97 സീറ്റിൽ മത്സരിക്കുകയാണ് അകാലിദൾ. കർഷകർക്ക് വേണ്ടി കേന്ദ്ര മന്ത്രി പദം വലിച്ചെറിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അകാലിദൾ പ്രചാരണം. 2017 ൽ അമരിന്ദർ സിംഗിന്റെ കോൺഗ്രസ് അധികാരം പിടിക്കും മുമ്പ് 10 വർഷം ഭരിച്ച അകാലിദൾ ഇത്തവണയും തോറ്റാൽ സ്ഥിതി പരിതാപകരമാകും.
അമരീന്ദറിന്റെ ചിറകിൽ
ബി.ജെ.പി
അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസിന് 37 സീറ്റും സംയുക്ത അകാലിദളിന് 15 സീറ്റും നൽകി 65 സീറ്റിൽ മത്സരിക്കുകയാണ് ബി.ജെ.പി. 60 ശതമാനത്തിൽ കൂടുതൽ ഹിന്ദുക്കളുള്ള 45 മണ്ഡലങ്ങളിലാണ് പാർട്ടി ഏറെ ശ്രദ്ധിക്കുന്നത്.