
ന്യൂഡൽഹി: കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിലും മരണം രേഖപ്പെടുത്തുന്നതിലുള്ള വീഴ്ച്ചയിലും വിമർശനമുയർത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മിസോറാമിലെ കൊവിഡ് വ്യാപനത്തിലും മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രണ്ട് സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് ആകെ കേസുകളിൽ 24.68 ശതമാനവും കേരളത്തിലാണ്. മൂന്നാഴ്ച്ചയ്ക്കിടെ കേരളത്തിലെ ടി.പി.ആർ 13.3 ശതമാനത്തിൽ നിന്ന് 47 ആയാണ് ഉയർന്നത്. കേരളത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളെയും ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു.
കൊവിഡ് ബാധമൂലമുണ്ടായ മരണം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ച്ച സംഭവിച്ചു. 2021 ഒക്ടോബർ മുതൽ രേഖപ്പെടുത്താത്ത 24,730 മരണങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. കേസുകൾ കൂടുതലുണ്ടായിരുന്ന മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ 8 സംസ്ഥാനങ്ങളിലും കേസുകൾ കുറഞ്ഞു. ജനുവരി 26 ന് 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 406 ജില്ലകളുണ്ടായിരുന്നത് 297 ജില്ലകളായി കുറഞ്ഞെന്നും ലവ് അഗർവാൾ പറഞ്ഞു.
ആർ.ടി.പി.സി.ആർ
നിരക്ക്കുറയ്ക്കണമെന്ന്
പ്രധാനമന്ത്രിയുടെ ഒാഫീസ്
നടപടി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽതൃശൂർ : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസായതിനാൽ അടിയന്തര തീരുമാനം എടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതിയിലെ കാര്യങ്ങളുടെ അനന്തര നടപടികൾക്കായി ജോയിന്റ് സെക്രട്ടറി റോബർട്ട് ഫ്രാൻസിസിനെ ചുമതലപ്പെടുത്തിയതായും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2490 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ഇതേ ടെസ്റ്റിന് കോഴിക്കോട് എയർപോർട്ടിൽ 1380 രൂപയാണ്.
ഇന്നലെ 42,677
പേർക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 42,677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.23 ശതമാനം. 50,821 പേർ രോഗമുക്തി നേടി. 36 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 56,701 ആയി.
രക്ഷിതാക്കളുടെ സമ്മതം
സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകളിൽ കുട്ടികൾ നേരിട്ട് ഹാജരാകാൻ രക്ഷിതാക്കളുടെ സമ്മതം വേണമോയെന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി.
കുട്ടികളെ സ്കൂളിൽ അയയ്ക്കണമെങ്കിൽ മാതാപിതാക്കളിൽ നിന്ന് രേഖാമൂലമുള്ള അനുവാദം വേണമെന്ന മാർഗ നിർദ്ദേശത്തിൽ മാറ്റം വരുത്തണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കാലതാമസമില്ലാതെ സ്കൂളുകൾ തുറക്കണമെന്നും നിർദ്ദേശമുണ്ട്.