rahul-gandhi

ന്യൂഡൽഹി: ലോക്‌സഭയിലെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ജനങ്ങളെയും ഭരണഘടനെയേയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അവകാശ ലംഘന നോട്ടീസ് നൽകി. വിവിധ സംസ്ഥാനങ്ങളുടെ വ്യത്യസ്തമായ സംസ്‌കാരം തകർക്കുന്ന തരത്തിൽ ബി.ജെ.പി സർക്കാർ ഏകാധിപത്യ ഭരണം നടത്തുകയാണെന്ന് രാഹുൽ പ്രസംഗിച്ചിരുന്നു.

ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ മനസിലാക്കാതെയാണ് രാഹുൽ പ്രസംഗിച്ചതെന്നും പരാമർശങ്ങൾ ജനങ്ങൾക്കും പാർലമെന്റിനും അപമാനമായെന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി.

രാഹുലിന് ചരിത്രമറിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ബി.ജെ.പി എം.പിമാർ രംഗത്തെത്തി. ഇന്ത്യയുടെ വികലമായ വിദേശ നയം മൂലം ചൈനയും പാകിസ്ഥാനും ഒന്നിച്ചെന്ന വാദം തള്ളിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കോൺഗ്രസ് ഭരിച്ച സമയം മുതൽ രണ്ടു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

പെഗസസ്: ഐ.ടി മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

പെഗസസ് ചാര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവിനെതിരെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അടക്കം പ്രതിപക്ഷ എം.പിമാർ അവകാശ ലംഘന നോട്ടീസ് നൽകി. പെഗസസ് സോഫ്റ്റ്‌വെയർ ഇന്ത്യ വാങ്ങിയിട്ടില്ലെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ ആയുധക്കരാറിന്റെ ഭാഗമായി ഇന്ത്യ പെഗസസും വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ഉദ്ധരിച്ചാണ് മന്ത്രിക്കെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയത്. മന്ത്രിയോട് വിശദീകരണം തേടിയ ശേഷം മറുപടി പറയാമെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.

മലയാളം ചാനൽ മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി കോൺഗ്രസ് എം.പിമാരായ കെ.സി. വേണുഗോപാലും എം.കെ. രാഘവനും ഉന്നയിച്ചു.