silverline

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ നൽകിയ അനുമതി ഭൂമി ഏറ്റെടുക്കാനുള്ളതല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സിൽവർ ലൈനിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പദ്ധതി തീരുമാനമാകുന്നതിന് മുമ്പ് ഡി.പി.ആർ തയ്യാറാക്കാൻ 22 കോടി രൂപ ചെലവഴിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് മുരളീധരൻ പറഞ്ഞു. സിൽവർ ലൈൻ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം,ഡി.പി.ആറിലെ അപൂർണത തുടങ്ങി വിവിധ വിഷയങ്ങൾ ബി.ജെ.പി സംഘം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

സിൽവർ ലൈൻ പദ്ധതി നിറുത്തിവയ്ക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഡി.പി.ആറിലെ അപാകതകൾ മന്ത്രിയെ ധരിപ്പിച്ചെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അതേസമയം അന്തിമ ലൊക്കേഷൻ സർവേയും ലാൻഡ് പ്ലാൻ അനുമതിയുമില്ലാതെ കെ-റെയിലിന് ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ മെട്രോമാൻ ഇ. ശ്രീധരൻ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.