
ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ഡൽഹിയിൽ 9-12 ക്ളാസുകളിലെയും കോളേജുകളിലെയും ഒാഫ്‌ലൈൻ അദ്ധ്യയനം തിങ്കളാഴ്ച പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. നഴ്സറി മുതൽ എട്ടുവരെയുള്ള ക്ളാസുകൾ ഫെബ്രുവരി 14ന് തുടങ്ങും. എല്ലാക്ളാസുകളിലും ഒാൺലൈൻ ക്ളാസുകളും തുടരും.
സ്വകാര്യ സ്ഥാപനങ്ങൾ 100 ശതമാനം ഹാജരോടെയും റെസ്റ്റോറന്റുകൾ രാത്രി 11മണിവരെയും പ്രവർത്തിക്കാൻ അനുമതി നൽകിയെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മനീഷ് സിസോദിയ പറഞ്ഞു. ജിം, നീന്തൽക്കുളം എന്നിവയ്ക്കുള്ള നിയന്ത്രണവും ഒഴിവാക്കി. കടകൾ, മാളുകൾ, മാർക്കറ്റുകൾ എന്നിവയ്ക്ക് എല്ലാ ദിവസവും രാവിലെ 10 രാത്രി എട്ടുവരെ പ്രവർത്തിക്കാം. പ്രതിദിന കേസുകൾ കുറയുന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നാലു ശതമാനത്തിലെത്തിയതും കണക്കിലെടുത്താണ് ഇളവുകൾ.