
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം അനധികൃതമായി പാലം നിർമ്മിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും മറ്റു രാജ്യങ്ങൾ ബഹുമാനിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം വ്യക്തമാക്കി.
യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം 1962 മുതൽ ചൈന അനധികൃതമായി കൈവശം വച്ച സ്ഥലത്താണ് പുതിയ പാലം നിർമ്മിക്കുന്നതെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. അനധികൃത കൈയേറ്റം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതിനാൽ നിർമ്മാണവും അനധികൃതമാണ്. നിയന്ത്രണ രേഖയെ മാനിക്കുക, തൽസ്ഥിതിയിൽ മാറ്റം വരുത്താതിരിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ പാലിക്കുക എന്നീ മൂന്ന് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ നിലപാടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അടിയന്തര ഘട്ടങ്ങളിൽ ആയുധങ്ങൾ ഉൾപ്പെടെയുള്ള സൈനിക നീക്കം എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് എട്ടു മീറ്റർ വീതിയിൽ ചൈന പാലം പണിയുന്നത്. തടാകത്തിന്റെ വടക്കൻ തീരത്ത് അനധികൃതമായി കൈവശം വച്ച സ്ഥലത്ത് അവർ സൈനികർക്കായി ആശുപത്രിയും താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.