goa

ന്യൂഡൽഹി: ഗോവയിൽ അധികാരത്തിലെത്തിയാൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ഇന്നലെ മർമ്മഗോവ മണ്ഡലത്തിൽ ഗൃഹസന്ദർശന പരിപാടിയോടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണം തുടങ്ങിയത്. സ്ഥാനാർത്ഥി സങ്കൽപ് അമോങ്കറിനൊപ്പം രാഹുൽ വോട്ടർമാരുടെ വീടുകളിൽ ചെന്ന് വോട്ടു ചോദിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എന്തൊക്കെ ചെയ്യണമെന്നാണ് ആഗഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. പലരും തൊഴിലില്ലായ്മയാണ് ചൂണ്ടിക്കാട്ടിയത്.കോൺഗ്രസ്-ഗോവ ഫോർവേഡ് പാർട്ടി സഖ്യത്തിലുള്ള സ്ഥാനാർത്ഥികൾ രാഹുലിന്റെ സാന്നിധ്യത്തിൽ തങ്ങൾ പാർട്ടിയോടും സംസ്ഥാനത്തിനോടും കൂറുള്ളവരായിരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. സ്ഥാനാർത്ഥികൾ ഇങ്ങനെ പ്രതിജ്ഞയെടുക്കുന്നത് രണ്ടാം തവണയാണ്. കോൺഗ്രസ് ലേബലിൽ ജയിച്ച ശേഷം ബി.ജെ.പിയിലേക്കും മറ്റും കൂറുമാറുന്നത് പതിവായതിനാലാണ് പ്രതിജ്ഞാ പരിപാടി.