
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലും കൽപിത സർവകലാശാലകളിലും എം.ബി.ബി.എസ്, പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ മെഡിക്കൽ കോളേജുകളിലേതിന് തുല്യമായ ഫീസ് നിശ്ചയിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ മാർഗരേഖ പുറത്തിറക്കി. ഈ സീറ്റുകളിൽ പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിൽ പ്രവേശനം നടത്തും. ബാക്കി സീറ്റുകളിൽ സംസ്ഥാന ഫീ റെഗുലേറ്ററി അതോറിട്ടികൾ സ്ഥാപനങ്ങളുടെ മൂന്നുവർഷത്തെ പ്രവർത്തന ചെലവ് കണക്കാക്കി ഫീസ് തീരുമാനിക്കും.
ശമ്പളടക്കമുള്ള ചെലവുകളും പ്രവർത്തന ചെലവിൽ ഉൾപ്പെടുത്താം. അതേസമയം മെഡിക്കൽ വിദ്യാഭ്യാസത്തെ കച്ചവടവത്കരിച്ച് തലവരി ഫീസ് ഈടാക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. പൊതുജനങ്ങൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ കമ്മിറ്റി നൽകിയ ശുപാർശകൾ പ്രകാരമാണ് മാർഗരേഖ തയ്യാറാക്കിയത്.