
ന്യൂഡൽഹി: ജാതി, മത, വിശ്വാസ വിവേചനങ്ങൾക്കതീതമായി സമത്വ ഭാവനയ്ക്കായി നിലകൊണ്ട 11-ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീ രാമാനുജാചാര്യയുടെ ഹൈദരാബാദിലെ മുചിന്താളിൽ ചിന്ന ജിയാർ സ്വാമി ആശ്രമത്തിൽ സ്ഥാപിച്ച 216 അടി ഉയരമുള്ള 'സമത്വ പ്രതിമ' പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു.
രാമാനുജാചാര്യയുടെ സമത്വ ദർശനങ്ങൾ കാലത്തിനും അദ്ദേഹത്തിനും മുമ്പേ സഞ്ചരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമൂഹത്തിലെ അനീതിയും അസമത്വവും ഇല്ലാതാക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ മഹത്തരമാണ്. പാവപ്പെട്ടവനും പണക്കാരനും തുല്യനീതിയും അവസരങ്ങളുമൊരുക്കാൻ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി ദളിത് വിഭാഗക്കാർക്ക് ക്ഷേത്ര ദർശനം സാധ്യമായി. ഭരണഘടനാ ശില്പിയും ദളിത് നേതാവുമായ ഡോ. ബി.ആർ. അംബേദ്കർ ആചാര്യയുടെ ദർശനങ്ങൾ പിന്തുടർന്ന ആളാണ്.
രാമാനുജചാര്യയുടെ അറിവുകൾ നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വിലമതിക്കാത്ത സ്വത്താണ്. അദ്ദേഹത്തിന്റെ ദർശനങ്ങൾ തിരിച്ചുകൊണ്ടുവരാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് സമത്വ പ്രതിമയെന്നും യുവതലമുറയ്ക്ക് അതു പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമ അനാച്ഛാദനത്തിന് മുമ്പായി യാഗശാലയിൽ നടന്ന രുദ്രാഭിഷേകത്തിൽ മോദി പങ്കെടുത്തു.
വിട്ടു നിന്ന് മുഖ്യമന്ത്രി റാവു
ശ്രീ രാമാനുജാചാര്യയുടെ പ്രതിമ അനാച്ഛാദനത്തിനും സെമി അരിഡ് ട്രോപിക്സിനായുള്ള അന്താരാഷ്ട്ര വിള ഗവേഷണ കേന്ദ്രത്തിന്റെ (ഐ.സി.ആർ.ഐ.എസ്.എ.ടി) സുവർണ ജൂബിലി ആഘോഷ ചടങ്ങിലും പങ്കെടുക്കാൻ ഷംഷാബാദ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വന്നില്ല. പകരം മന്ത്രി തലാസാനി ശ്രീനിവാസ് യാദവാണ് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായെത്തിയത്. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്.
ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി എന്നിവരും സന്നിഹിതരായിരുന്നു. പ്രതിമ അനാച്ഛാദന ചടങ്ങിലും മുഖ്യമന്ത്രിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. സുഖമില്ലാത്തതിനാൽ വിട്ടു നിന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫീസിന്റെ വിശദീകരണം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മോദിയുടെ പരിപാടികളിൽ നിന്ന് റാവു വിട്ടു നിൽക്കുന്നത്.
സമത്വ പ്രതിമ - പ്രത്യേകതകൾ
11ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യൻ ശ്രീരാമാനുജാചാര്യരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ചു
അദ്ദേഹം ജനിച്ചിട്ട് 1000 വർഷങ്ങൾ തികയുന്നതിന്റെ ഭാഗമായുള്ള 12 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഉദ്ഘാടനം
ഉയരം - 216 അടി
സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദിൽ നിന്ന് 40കിലോമീറ്റർ അകലെയുള്ള രാമനഗറിലെ രാമാനുജാചാര്യ ക്ഷേത്രത്തിൽ 45 ഏക്കർ ഭൂമിയിൽ
ചെലവ് - 1000 കോടി രൂപ
തറക്കല്ല് സ്ഥാപിച്ചത് - 2014ൽ
പ്രതിമ നിർമ്മിക്കാനുള്ള ആശയം അവതരിപ്പിച്ചത് - ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ശ്രീ ചിന്ന ജീയർ സ്വാമി
നിർമ്മാണം - പഞ്ചലോഹത്തിൽ ( 120 കിലോ സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് )
ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹ പ്രതിമകളിൽ ഒന്ന്
പ്രതിമ സ്ഥാപിച്ചിരിക്കുന്ന 'ഭദ്ര വേദി' എന്ന കെട്ടിടത്തിന്റെ ഉയരം - 54 അടി
പുരാതന ഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, തീയേറ്റർ, എജ്യുക്കേഷൻ ഗാലറി എന്നിവ ഭദ്ര വേദിയിലുണ്ട്