rajnath-singh

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരുടെ പോരാട്ട വീര്യത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറച്ചു കാട്ടിയെന്നും അദ്ദേഹത്തിന് ചരിത്രബോധമില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഞ്ചാബിലെ ദസൂയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാൽവനിലെ ഏറ്റുമുട്ടലിൽ നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്നും മൂന്നോ നാലോ ചൈനക്കാർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും രാഹുൽ പറയുന്നു. ഇക്കാര്യത്തിൽ ചൈനക്കാർ സത്യം പറയുമെന്ന് ആരും കരുതുന്നില്ല. ഒരു ആസ്ട്രേലിയൻ മാദ്ധ്യമം പുറത്തുവിട്ട കണക്കനുസരിച്ച് ഗാൽവനിൽ 40ഓളം ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ സൈനികർ ഗാൽവനിൽ അതിർത്തി രക്ഷിക്കാൻ പൊരുതുന്ന സമയത്ത് രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു.

ഗാൽവനിൽ ഒരിഞ്ചു ഭൂമി പോലും നമ്മുടെ സൈനികർ ശത്രുക്കൾക്ക് വിട്ടു കൊടുത്തിട്ടില്ല. അതേസമയം ആരെയും ആക്രമിക്കാനോ, ദുർബലരായവരുടെ ഭൂമി പിടിച്ചെടുക്കാനോ ഇന്ത്യ തയാറല്ല. ലോകക്ഷേമം മുൻനിറുത്തിയുള്ള ശ്രമങ്ങളിലൂടെ വൻ ശക്തിയായി വളരുകയാണ് ഇന്ത്യ.

ഇന്ത്യയുടെ വികലമായ വിദേശ നയം ചൈനയെയും പാകിസ്ഥാനെയും ഒന്നിപ്പിച്ചെന്ന രാഹുലിന്റെ പാർലമെന്റിലെ പ്രസ്താവനയെ പരാമർശിച്ച് ചരിത്രം അങ്ങനെയല്ലെന്ന് രാജ്നാഥ് ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന സമയത്താണ് പാകിസ്ഥാൻ ഷക്സ്ഗം താഴ്‌വര ചൈനയ്ക്ക് കൈമാറിയത്. പാക് അധിനിവേശ കാശ്‌മീരിലൂടെ ചൈന കാരക്കോറം ഹൈവേ നിർമ്മിച്ചതും ബി.ജെ.പി ഭരിക്കുമ്പോഴല്ല. പാക്-ചൈ സാമ്പത്തിക ഇടനാഴി നിർമ്മാണം തുടങ്ങിയതും കോൺഗ്രസ് ഭരണകാലത്താണ്. ചരിത്രംവളച്ചൊടിച്ച രാഹുലിന്റെ പ്രസ്താവനയ്‌ക്ക് കോൺഗ്രസ് സുഹൃത്തുക്കൾ മാപ്പു പറയണമെന്നും രാജ്നാഥ് പറഞ്ഞു.