
ന്യൂഡൽഹി: തുറന്ന മൈതാനങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. മൈതാനത്തിന്റെ ശേഷിയുടെ 30 ശതമാനം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് അനുമതി. എന്നാൽ, ഹാളുകളിൽ നടക്കുന്ന യോഗങ്ങളിൽ ശേഷിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുവാദം വാങ്ങണം. മൈതാനങ്ങളെക്കുറിച്ച് രാഷ്ട്രീയപ്പാർട്ടികൾ നൽകുന്ന വിവരങ്ങൾ ഇ- സുവിധ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് അവസരം. പരമാവധി എണ്ണം ജില്ലാ ഭരണകൂടം തീരുമാനിക്കും. പ്രത്യേക നിരീക്ഷകരെ നിശ്ചയിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി എന്നിവരടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമായിരുന്നു തീരുമാനം. റോഡ് ഷോ, പൊതുസമ്മേളനങ്ങൾ, പദയാത്രകൾ, സൈക്കിൾ - വാഹന റാലികൾ എന്നിവയ്ക്കുള്ള നിരോധനം തുടരും. വീട് കയറിയിറങ്ങിയുള്ള പ്രചാരണത്തിന് 20 പേരെ മാത്രമെ അനുവദിക്കൂ. പ്രചാരണം രാവിലെ 8 മണി മുതൽ രാത്രി എട്ട് മണി വരെ മാത്രം.