
ന്യൂഡൽഹി:പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ,പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി മുൻ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ സുനിൽ ജാക്കർ. ഒരു ഹിന്ദുവിന് പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന കോൺഗ്രസ് നേതാവ് അംബികാ സോണി അഭിപ്രായപ്പെട്ടത് ലക്ഷ്യമിട്ടാണ് വിമർശനം.
"രാജ്യത്തിന്റെ പ്രധാനമന്ത്രി ഹിന്ദുവല്ലാതെ ആരാകുമെന്ന് നാളെ ബി.ജെ.പി നിലപാടെടുത്താൽ കോൺഗ്രസിന് എന്ത് മറുപടി നൽകാൻ കഴിയും?. അംബികാ സോണിയുടെ പ്രസ്താവന വളരെയേറെ വേദനയുണ്ടാക്കി. വലിയവരെന്ന് നാം കരുതിയ നേതാക്കൾക്ക് വളരെ ഇടുങ്ങിയ മനസ്സാണ്. ഞാൻ രാഷ്ട്രീയം മതിയാക്കുകയാണ്. അംബികാ സോണിയുടെ പ്രസ്താവന കോൺഗ്രസിന്റെ പ്രതിഛായയെ ദോഷകരമായി ബാധിച്ചു. പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ മത്സരത്തിനുണ്ടായിരുന്നില്ല. എന്നാൽ ഹിന്ദുവായതിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം നിരസിച്ചതിൽ അസ്വസ്ഥതയുണ്ട്- ജാക്കർ പറഞ്ഞു.
 42 പേർ തന്നെ പിന്തുണച്ചിരുന്നു
അമരീന്ദർ സിംഗ് പുറത്തായപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി എം.എൽ.എമാർ ഏറ്റവും കൂടുതൽ പിന്തുണച്ചത് തന്നെയായിരുന്നു. 42 എം.എൽ.എമാരുടെ പിന്തുണ ലഭിച്ചു. ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവയ്ക്ക് 16 പേരുടെയും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും പട്യാല എം.പിയുമായ മഹാറാണി പ്രണീത് കൗറിന് 12 പേരുടെയും നവജ്യോത് സിംഗ് സിദ്ദുവിന് 6 പേരുടെയും പിന്തുണ ലഭിച്ചപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിക്ക് 2 പേരുടെ മാത്രം പിന്തുണയാണ് ലഭിച്ചത്. അന്ന് രാഹുൽ ഗാന്ധി തനിക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തെങ്കിലും താൻ നിരസിക്കുകയായിരുന്നു.
 ബി.ജെ.പി പ്രചരണത്തിന് ഇന്ധനമാകും
പഞ്ചാബിൽ മതപരമായ ധ്രുവീകരണത്തിന് കാരണമായേക്കാവുന്ന സുനിൽ ജാക്കറിന്റെ പ്രതികരണം തിരഞ്ഞെടുപ്പിൽ വലിയ പ്രതികരണമുണ്ടാക്കിയേക്കാം. പ്രത്യേകിച്ചും ബി.ജെ.പി 60 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയുള്ള 45 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തുന്ന പശ്ചാത്തലത്തിൽ. തിരഞ്ഞെടുപ്പ് ചരൺജിത്ത് സിംഗ് ചന്നിക്ക് ഗുണകരമാകുമോയെന്നത് പഞ്ചാബിലെ ജനങ്ങൾ തീരുമാനിക്കുമെന്ന ജാക്കറിന്റെ പ്രതികരണവും മനസ്സിലിരിപ്പ് വ്യക്തമാക്കുന്നു.