
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലാ വൈസ് ചാൻസലറായി ചെന്നൈ സ്വദേശി ശാന്തിശ്രീ ധുലിപ്പുഡി പണ്ഡിറ്റിനെ നിയമിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. ജെ.എൻ.യുവിലെ പൂർവ വിദ്യാർത്ഥിയായ ശാന്തിശ്രീ സർവകലാശാലയിലെ ആദ്യ വനിത വൈസ് ചാൻസലറാണ്. യു.ജി.സി ചെയർമാനായി നിയമിതനായ എം. ജഗദീഷ് കുമാറിന്റെ പിൻഗാമിയായാണ് 59കാരിനായ ശാന്തിശ്രീ എത്തുന്നത്. അഞ്ചു വർഷത്തേക്കാണ് നിയമനം. നിലവിൽ പൂനെ സാവിത്രിഭായ് ഫുലെ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറാണ്.
ജെ.എൻ.യുവിൽ സ്കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ നിന്ന് എംഫിലും പിഎച്ച്.ഡിയും പൂർത്തിയാക്കിയ ശേഷം ഗോവ സർവകലാശാലയിൽ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങി. 1992 മുതൽ പൂനെ സർവകലാശാലയിലാണ്. ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ച്, ഉന്നത വിദ്യാഭ്യാസത്തിനുള്ള യു.ജി.സി കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.
ഇന്ത്യൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ പ്രസിഡന്റാണ്. ചെന്നൈ സ്വദേശിയാണെങ്കിലും ജനിച്ചു വളർന്നത് റഷ്യയിലാണ്. അമ്മ അവിടെ ലെനിൻഗ്രാഡ് ഒാറിയന്റൽ ഫാക്കൽറ്റി വകുപ്പിൽ തമിഴ് അദ്ധ്യാപികയായിരുന്നു.