pm

ന്യൂഡൽഹി: തുടർ പരാജയങ്ങളിൽ പാഠം പഠിക്കാത്ത കോൺഗ്രസ് അടുത്ത 100 വർഷത്തിനുള്ളിലും ഭരണം കിട്ടാതിരിക്കാൻ പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മറുപടി പ്രസംഗത്തിലുടനീളം കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാൻ മോദി ശ്രമിച്ചു.


പല സംസ്ഥാനങ്ങളിലും വർഷങ്ങൾക്കു മുമ്പേ കോൺഗ്രസിന് ആധിപത്യം നഷ്‌ടമായതിൽ അദ്ഭുതമില്ല. തെലങ്കാന രൂപീകരിക്കാൻ മുന്നിൽ നിന്നെങ്കിലും കോൺഗ്രസിനെ അവിടുത്തുകാർക്ക് വേണ്ടായിരുന്നു. തുടരെ തോറ്റിട്ടും കോൺഗ്രസിന്റെ മനോഭാവം മാറിയിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത നൂറു വർഷത്തിനുള്ളിലെങ്ങും ഭരണത്തിൽ തിരിച്ചു വരാൻ ഉദ്യേശ്യമില്ലെന്ന് തോന്നുന്നു. സഭയിൽ രാഹുൽ ഗാന്ധി എത്താതിരുന്നതിനെയും മോദി പരിഹസിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75 വർഷം കഴിഞ്ഞിട്ടും ചിലരുടെ മാനസികാവസ്ഥ മാറിയിട്ടില്ല. രാജ്യം ഇന്ന് എല്ലാമേഖലയിലും വളർച്ച കൈവരിക്കുകയാണ്. ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് ഗ്യാസ് കണക്‌ഷനും വീടും ശുചിമുറിയുമുണ്ട്. ഇത് പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നു. കമ്മിഷനും അഴിമതിയും ഇല്ലാതാക്കിയ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ ചിലർ എതിർക്കുന്നു.

മഹാത്മാ ഗാന്ധിയുടെ സ്വപ്നങ്ങൾ നടപ്പിലാക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടാണോ കോൺഗ്രസ് ആത്മനിർഭർ ഭാരത് പദ്ധതിയെ എതിർക്കുന്നത്. രാജ്യത്തെ ചെറുകിട കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അവരുടെ വേദന അറിയാത്തവർക്ക് കർഷകരുടെ പേരിൽ രാഷ്ട്രീയം കളിക്കാൻ യാതൊരു അർഹതയുമില്ല. സ്വയം നിരാശയിൽ നിന്ന് രാജ്യത്തിന്റെ വികസനത്തിന് തടസം നിൽക്കുന്നു.

കേന്ദ്ര സർക്കാർ മൂലം അദാനിക്കും അംബാനിക്കുമാണ് നേട്ടമെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയായി നെഹ്റുവിന്റെയും ഇന്ദിരയുടെയും സർക്കാരുകൾ ടാറ്റയ്ക്കും ബിർളയ്ക്കും വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് വിമർശനം ഉയർന്നിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യു.പി.എ കാലത്ത് പ്രതിരോധ മേഖലയിൽ പുതിയ സാധനങ്ങൾക്കു വേണ്ടി അന്വേഷണം നടത്തി ഒടുവിൽ പഴയ സാങ്കേതിക വിദ്യകളാണ് വാങ്ങിയത്. പ്രതിരോധ സാമഗ്രികളുടെ സ്പെയർപാർട്സിനു പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്ന അവസ്ഥ ഇന്ന് മാറി.

വിലക്കയറ്റത്തെ എതിർക്കുന്ന പ്രതിപക്ഷം കോൺഗ്രസ് ഭരണകാലത്ത് അതിനു തടയിട്ടിരുന്നെങ്കിൽ രാജ്യത്തിന് പ്രയോജനം ലഭിച്ചേനെ. കൊറിയയിലെ യുദ്ധം പോലും സ്വാധീനിക്കുമെന്നും വിലക്കയറ്റം ഉണ്ടായേക്കുമെന്നും ജവഹർലാൽ നെഹ്റു പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങൾ പോലും പതറിയപ്പോൾ ഇന്ത്യയിൽ വില പിടിച്ചു നിർത്താനായി.

കോൺഗ്രസ് ഇന്നുണ്ടായിരുന്നെങ്കിൽ കൊവിഡ് കാലത്ത് വിലക്കയറ്റം കൂടി ദുരിതപൂർണമായേനെ. ദാരിദ്ര്യം മാറ്റൂ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് ജയിച്ച കോൺഗ്രസിനെ ദാരിദ്ര്യം മാറ്റാനാകാതെ വന്നപ്പോൾ ദരിദ്രരായ വോട്ടർമാർ തന്നെ പുറത്താക്കി.

രാഷ്ട്രീയത്തിന്റെപേരിൽ തമിഴ് വികാരം ആളിക്കത്തിക്കാൻ രാഹുൽ ശ്രമിച്ചത് ശരിയായില്ലെന്ന് മോദി പറഞ്ഞു. കൂനൂരിലെ കോപ്‌ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് 'വീരവണക്കം' ചൊല്ലി ആദരവു പ്രകടിപ്പിച്ച തമിഴ് ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞ മോദി തമിഴ്കവി സുബ്രഹ്മണ്യ ഭാരതിയുടെ തമിഴ് വരികളും ചൊല്ലി.

വിഭാഗീയത കോൺഗ്രസിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും അതുകൊണ്ടാണ് ചെറു കഷ്ണങ്ങളുടെ നേതാവായി മാറിയതെന്നും മോദി പറഞ്ഞു.

ഭരണത്തിൽ വരാനുള്ള താത്പര്യം ഉപേക്ഷിച്ച കോൺഗ്രസ് വിഭാഗീയതയുടെ വിത്തുകൾ വിതയ്ക്കുകയാണ്. രാഹുലിന്റെ പ്രസംഗത്തിനിടെ ബി.ജെ.പി അംഗങ്ങൾ ബഹളം വച്ചതിന് പകരമായി പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ കോൺഗ്രസ് അംഗങ്ങൾ ശ്രമിച്ചിരുന്നു.

 കൊവിഡ് പരത്തിയത് കോൺഗ്രസും ആംആദ്മി പാർട്ടിയും

രാജ്യത്ത് കൊവിഡ് ആദ്യ തരംഗമുണ്ടായ സമയത്ത് രോഗ വ്യാപനം തടയാനാണ് വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ കോൺഗ്രസ് അന്യസംസ്ഥാന തൊഴിലാളികളെ പേടിപ്പിച്ച് സൗജന്യ ടിക്കറ്റെടുത്ത് നൽകി സ്വദേശത്തേക്ക് പറഞ്ഞയച്ചു. ഡൽഹി സർക്കാർ അന്യസംസ്ഥാന തൊഴിലാളികളോട് നാടുവിടാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ് പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കൊവിഡ് പടർന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.