
ന്യൂഡൽഹി: യു.പിയിൽ ഭരണമാറ്റത്തിനായി ജയിലിലടക്കപ്പെട്ട ചില കുറ്റവാളികൾ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് കുറ്റവാളികൾ ജയിലിലേക്ക് ഓടുകയായിരുന്നു. ഇപ്പോൾ ഭരണമാറ്റം ഉണ്ടാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അങ്ങനെ പുറത്തിറങ്ങാനും ജനങ്ങളോട് പ്രതികാരം ചെയ്യാനുമായി അവർ കാത്തിരിക്കുകയാണെന്നും ജയിലിൽ കഴിയുന്ന എസ്.പി നേതാവ് അസം ഖാനെ കുറിച്ച് പരാമർശം നടത്തവെ നരേന്ദ്ര മോദി പറഞ്ഞു.
യു.പിയിലെ ബിജ്നോറിൽ നടന്ന വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിട്ടുള്ള പ്രചാരണത്തിനായി ബിജ്നോറിലെത്താൻ തീരുമാനിച്ച അദ്ദേഹത്തിന് മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ യാത്ര സാദ്ധ്യമാകാത്തതിനാലാണ് വെർച്വലായി പങ്കെടുത്തത്.
' എസ്.പി എന്ന് പറഞ്ഞാൽ ഗുണ്ടാരാജിനും ദുർഭരണത്തിനും തുല്യമാണ്. എസ്.പി ഭരണകാലത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ രൂക്ഷമായിരുന്നു. എന്നാൽ സ്ത്രീകളെ ഗുണ്ടാരാജിൽ നിന്ന് യോഗി സർക്കാർ മോചിപ്പിച്ചു.
2017 വരെ അവർ യു.പിയിലെ വികസന നദിയെ തടഞ്ഞ് വച്ചു. അവർ സ്വന്തം ഖജനാവ് മാത്രമാണ് നിറച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയ്ക്കുമ്പോൾ യു.പി അതിന്റെ വികസന ചരിത്രം അടയാളപ്പെടുത്തണം. യു.പിയുടെ സമ്പൂർണ വികസനത്തിനായി അടുത്ത 25 വർഷം ബി.ജെ.പിക്ക് അവസരം നൽകണം. യോഗിയുടെ സർക്കാർ കരിമ്പ് കർഷകരുടെ ഒന്നര ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് കൊടുത്ത് തീർത്തത് " പ്രധാനമന്ത്രി പറഞ്ഞു.