v

ന്യൂഡൽഹി: വാക്സിനേഷന് ആധാർ നിർബന്ധമല്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കർശനമായി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. കൊവിൻ പോർട്ടലിൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനോ വാക്സിൻ സ്വീകരിക്കാനോ ആധാർ നിർബന്ധമല്ലെന്ന കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണിത്. വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഇത് കർശനമായി പാലിക്കണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

വാക്സിനേഷനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നിർബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി സിദ്ധാർത്ഥ് ശങ്കർ ശർമ്മ നൽകിയ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐ.ഡി, റേഷൻ കാർഡ് തുടങ്ങി ഒമ്പത് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വാക്സിനേഷന് രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര ആരാഗ്യ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. വാക്സിൻ ലഭിക്കുന്നതിന് ആധാർ നിർബന്ധമല്ല. സിദ്ധാർത്ഥ്ശങ്കർ ശർമ്മയ്ക്ക് പാസ്‌പോർട്ട് നൽകിയിട്ടും മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രി വാക്സിൻ നിഷേധിച്ച സംഭവത്തിൽ നടപടിയെടുക്കാനും നിർദ്ദേശിച്ചു. 87 ലക്ഷം പേർക്ക് ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ വാക്സിൻ നൽകിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.