pic

ന്യൂഡൽഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി ഉത്തർപ്രദേശിൽ മുൻകൂട്ടി അറിയിക്കാതെ യാത്ര ചെയ്തതിനാൽ പൊലീസിന് സുരക്ഷ ഏർപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന 'ഇസഡ്' കാറ്റഗറി സുരക്ഷ സ്വീകരിക്കാൻ ഒവൈസിയോട് അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞയാഴ്ച മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒവൈസിയുടെ കാറിനു നേരെ വെടിവയ്പുണ്ടായ സംഭവത്തിൽ പാർലമെന്റിൽ പ്രസ്‌താവന നടത്തുകയായിരുന്നു അമിത് ഷാ. മീററ്റിലെ ഹാപൂർ ജില്ലയിൽ യാത്ര ചെയ്യുന്ന കാര്യം ഒവൈസി പൊലീസ് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നില്ല. ഒവൈസിയുടെ ജീവന് ഭീഷണിയുണ്ട്. കേന്ദ്ര സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. സുരക്ഷ സ്വീകരിക്കണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചു. ആക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായെന്നും ചോദ്യം ചെയ്‌തുവരികയാണെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു.