
ന്യൂഡൽഹി: ലോക്‌സഭയിലെ പ്രസംഗത്തിന്റെ തുടർച്ചയെന്നോണം രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ രാജ്യത്ത് കുടുംബവാഴ്ചയും അഴിമതിയും അടിയന്തരാവസ്ഥയടക്കമുള്ള പ്രശ്നങ്ങളും ഒഴിവാകുമായിരുന്നുവെന്ന് നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മോദി പറഞ്ഞു. പരാമർശങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി.
ഒരു പാർട്ടിയിൽ കുടുംബ മേധാവിത്വം വരുമ്പോൾ മികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതാണ് ദുരന്തം. മഹാത്മാഗാന്ധിയുടെ താത്പര്യാർത്ഥം കോൺഗ്രസ് ഇല്ലാതായിരുന്നെങ്കിൽ കുടുംബവാഴ്ച അവസാനിച്ചേനെ. സിക്ക് കൂട്ടക്കൊല, അടിയന്തരാവസ്ഥ, അഴിമതി എന്നിവയും ഒഴിവാകുമായിരുന്നു. കാശ്‌മീരിൽ പണ്ഡിറ്റുകൾ ഒാടിപ്പോകില്ലായിരുന്നു.
ഭരിച്ചപ്പോൾ വികസനം തടഞ്ഞ അതേ സമീപനമാണ് പ്രതിപക്ഷത്തും കോൺഗ്രസിനുള്ളത്. ദേശീയതയോട് താത്പര്യമില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേരു മാറ്റുന്നതാണ് നല്ലത്. ഇന്ത്യയ്ക്ക് അടിത്തറയൊരുക്കിയത് കോൺഗ്രസാണെന്നും ബി.ജെ.പി പതാക ഉയർത്തുകയാണ് ചെയ്‌തതെന്നും പറഞ്ഞത് തെറ്റായ ചിന്തയാണ്. ജനാധിപത്യം ആരുടെയും ഔദാര്യമല്ല. 1975ൽ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിച്ചവർക്ക് അതേക്കുറിച്ച് സംസാരിക്കാൻ അർഹതയുമില്ല.
കേന്ദ്ര ഭരണത്തിലിരുന്നപ്പോൾ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചവരാണ് ഫെഡറലിസത്തെപ്പറ്റി സംസാരിക്കുന്നത്. പല സംസ്ഥാന സർക്കാരുകളെയും അസ്ഥിരപ്പെടുത്താനും പുറത്താക്കാനുമാണ് കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമിച്ചത്.
അധികാരക്കൊതി മൂത്ത് നടപ്പാക്കിയ ആന്ധ്രാ വിഭജനം സമാധാനപരമായിരുന്നില്ല. ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്,ജാർഖണ്ഡ് സംസ്ഥാന രൂപീകരണം എൻ.ഡി.എ ചർച്ചകളിലൂടെയാണ് നിർവഹിച്ചത്. അർബൻ നക്സലുകൾ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തതിന്റെ ഫലമാണ് ചരിത്രത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം.
ഇന്ത്യയിലെ വാക്സിനുകൾക്കെതിരെ രാഷ്ട്രീയ ലക്ഷ്യമുള്ള അപക്വമായ ആക്രമണമാണ് ചിലർ നടത്തുന്നത്. കൊവിഡ് അവലോകനയോഗം പോലും രാഷ്ട്രീയം നോക്കി ബഹിഷ്കരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരവധി ആരോപണങ്ങളുയർന്നപ്പോഴും ഡൽഹിയിൽനിന്ന് ദ്രോഹിക്കാൻ ശ്രമിച്ചപ്പോഴും വികസന യാത്രയിൽ നിന്ന് വ്യതിചലിച്ചില്ലെന്നും മോദി ചൂണ്ടിക്കാട്ടി. നന്ദി പ്രമേയ ചർച്ചയ്ക്ക് പകരം കോൺഗ്രസിനെ കുറ്റപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
മോദിക്ക് കോൺഗ്രസിനെ ഭയമെന്ന് രാഹുൽ
കോൺഗ്രസിനോടുള്ള ഭയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്റിലെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്നും താൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്കൊന്നും മറുപടി ലഭിച്ചില്ലെന്നും രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് ബി.ജെ.പിയെക്കുറിച്ചൊന്നും പറയാനില്ല. അദ്ദേഹം പറഞ്ഞതെല്ലാം കോൺഗ്രസിനെയും നെഹ്റുവിനെയും കുറിച്ചാണ്. അദ്ദേഹത്തിന് കോൺഗ്രസിനെ ഭയമാണ്. നെഹ്റു തന്റെ ജീവിതം രാജ്യത്തിനായി ത്യജിച്ച വ്യക്തിയാണെന്നും അദ്ദേഹത്തിന് മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.
പാവപ്പെട്ടവരുടെയും പണക്കാരുടെയും രണ്ട് ഇന്ത്യ ഉണ്ടാക്കിയതും ജനാധിപത്യ സ്ഥാപനങ്ങൾ ഇല്ലാതാക്കുന്നതും വിദേശ നയത്തിലെ പാളിച്ച മൂലം ചൈനയും പാകിസ്ഥാനും ഒന്നായതും ചൂണ്ടിക്കാട്ടിയതിന് മോദി മറുപടി പറഞ്ഞില്ല. കൊവിഡ് വിഷയത്തിൽ തന്റെ മുന്നറിയിപ്പ് പോലെയാണ് ചൈനയും പാകിസ്ഥാനും ഒന്നിക്കുന്നതിലെ അപകടത്തെയും മോദി അവഗണിക്കുന്നത്. മോദിക്ക് പ്രധാനമന്ത്രിയുടെ ജോലി ചെയ്യാനറിയില്ല.