
ദൂരദർശൻ മഹാഭാരതത്തിലെ 'ഭീമൻ'
ന്യൂഡൽഹി:ഏഷ്യൻ ഗെയിംസിലെ രണ്ട് സ്വർണമുൾപ്പടെ നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടിയ അത്‌ലറ്റും ദൂരദർശൻ സംപ്രേക്ഷണം ചെയ്ത മഹാഭാരതം സീരിയലിലെ ഭീമന്റെ കഥാപാത്രത്തെ അവതരിപ്പിച്ചയാളുമായ ഒളിമ്പ്യൻ പ്രവീൺകുമാർ സോബ്‌തി ഒാർമ്മയായി. ഡൽഹിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. 74 വയസായിരുന്നു. ഡൽഹി പഞ്ചാബിബാഗിൽ സംസ്കാരം നടത്തി.
ഏഷ്യൻ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ രണ്ട് സ്വർണവും ഒരു വെങ്കലവും ഹാമർത്രോയിൽഒരു വെള്ളിയും നേടിയ താരമാണ് സോബ്തി. കോമൺവെൽത്ത് ഗെയിംസിൽ ഹാമർത്രോയിൽ വെള്ളി നേടി. 1968 മെക്സിക്കോ, 1972 മ്യൂണിക് ഒളിമ്പിക്‌സുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്‌തു. അർജുന അവാർഡ് ജേതാവാണ്.
ബി.എസ്.എഫ് മുൻ ഡെപ്യൂട്ടി കമ്മാണ്ടന്റായ പ്രവീൺകുമാർ പിന്നീട് അഭിനയത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1980കളിൽ സംപ്രേക്ഷണം ചെയ്‌ത മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാൻ പറ്റിയ ആളിനായി സംവിധായകൻ ബി.ആർ. ചോപ്ര നടത്തിയ അന്വേഷണം അവസാനിച്ചത് ആറടി ആറിഞ്ച് ഉയരവും ആകാരവടിവുമുള്ള പ്രവീണിലാണ്. സ്‌പോർട്സ് വിട്ട് അഭിനയം തിരഞ്ഞെടുത്ത പ്രവീൺ 1987ൽ ഇറങ്ങിയ അഭിതാബ് ബച്ചൻ ചിത്രം 'ഷഹൻഷാ' അടക്കം 50ഒാളം ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു. രക്ഷ, ഹംസേ ഹെ സമാന, കരിഷ്മ കുദ്രത് കാ, യുദ്ധ്, സബർദസ്‌ത്, സിംഹാസൻ, ഖുദ്ഗർസ്, ലോഹ, മൊഹബത് കെ ദുശ്മൻ, ഇലാക്കാ, അജൂബ, ആജ് കെ അർജുൻ, ഘായൽ തുടങ്ങിയവയാണ് മറ്റ് ബോളിവുഡ് സിനിമകൾ.
ഡൽഹിയിൽ സ്ഥിരതാമസമാക്കിയ പഞ്ചാബിയായ പ്രവീൺ 2013ൽ ആം ആദ്‌മി പാർട്ടിയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ ബി.ജെ.പിയിൽ ചേർന്നു.