south-korea-hyundai

ന്യൂഡൽഹി: ഹ്യുണ്ടായ് കമ്പനിയുടെ പാകിസ്ഥാൻ ട്വിറ്റർ അക്കൗണ്ടിൽ കാശ്മീർ വിരുദ്ധ പ്രസ്താവന വന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയ. പാകിസ്ഥാൻ വിതരണക്കാരന്റെ നടപടി തങ്ങളുടെ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യയിലെ ജനങ്ങളോടുള്ള ആത്മബന്ധം തുടരുമെന്നും കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും വ്യക്തമാക്കി.

കൊറിയൻ അംബാസിഡറെ കഴിഞ്ഞ ദിവസം ഡൽഹിയിൽ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചതിനെ തുടർന്നാണ് വിഷയത്തിൽ ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചുംഗ് യൂയി യോംഗ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചത്. സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമിൽ വന്ന പോസ്റ്റിലൂടെ ഇന്ത്യൻ ജനതയ്ക്കും സർക്കാരിനുമുണ്ടായ ബുദ്ധിമുട്ടിൽ ചുംഗ് യൂയി ഖേദം പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ഹ്യുണ്ടായ് പാകിസ്ഥാന്റെ ട്വിറ്റർ അക്കൗണ്ടിലെ കാശ്മീർ വിരുദ്ധ പ്രസ്താവനയിൽ കടുത്ത നീരസം പ്രകടിപ്പിച്ച ഇന്ത്യ ദക്ഷിണ കൊറിയൻ അംബാസിഡർ ചാംഗ് ജായ് ബോക്കിനെ വിളിപ്പിച്ച് അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹ്യുണ്ടായ് കമ്പനി നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ വി​ഷയം കടുപ്പി​ക്കുന്നുവെന്ന് വ്യക്തമായതോടെയാണ് കൊറി​യൻ വി​ദേശകാര്യ മന്ത്രി​യുടെ ഇടപെടൽ.

ഞായറാഴ്ച വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ കൊറിയൻ അംബാസിഡർ സിയോളിൽ ഹ്യുണ്ടായ് കമ്പനിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് അരിന്ദം അറിയിച്ചു.

പോസ്റ്റിട്ടത് വിതരണക്കാരനെന്ന് ഹുണ്ടായ്

ട്വിറ്ററിൽ കാശ്മീർ വിരുദ്ധ പോസ്റ്റ് വന്നത് പാകിസ്ഥാനിലെ ഒരു സ്വതന്ത്ര വിതരണക്കാരന്റെ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ നിന്നാണെന്നും അതു മൂലം ഇന്ത്യക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഹ്യുണ്ടായ് മോട്ടോർസ് അറിയിച്ചു. ഇന്ത്യയിൽ നിരവധി വർഷങ്ങളായി നിക്ഷേപം നടത്തുന്ന കമ്പനി തുടർന്നും ഇന്ത്യക്കാരോട് കൂറുള്ളവരായിരിക്കും. ഒരു രാജ്യത്തെ രാഷ്ട്രീയ, മതപരമായ വിഷയങ്ങളിൽ ഇടപെടുന്നത് കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമാണ്. ബ്രാൻഡ് ദുരുപയോഗം ചെയ്തുള്ള പോസ്റ്റ് കണ്ടയുടൻ നീക്കം ചെയ്തു. വിതരണക്കാരന്റെ അനധികൃതവും ബിസിനസസ് പരമല്ലാത്തതുമായ സോഷ്യൽ മീഡിയ പോസ്റ്റിനെ ശക്തമായി തള്ളുന്നു. ഇന്ത്യൻ ദേശീയതയോടൊപ്പമാണെന്നും ഇന്ത്യ തങ്ങൾക്ക് രണ്ടാം വീടാണെന്നും ഹ്യുണ്ടായ് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവാദം:

കാശ്മീരിൽ സ്വാതന്ത്ര്യ സമരത്തിൽ പോരാടുന്ന സഹോദരൻമാർക്ക് പിന്തുണയെന്ന പേരിലാണ് ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് വന്നത്. പാകിസ്ഥാനിൽ കാശ്‌മീർ ഐക്യദാർഢ്യ ദിനമായി ആചരിച്ച ഫെബ്രുവരി അഞ്ചിനാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.