up-elction

ന്യൂഡൽഹി: ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടും കർഷകരെ പ്രീണിപ്പിച്ചും യു.പിയിൽ ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് പുറത്തിറക്കി. കർഷകർ ജലസേചനത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി സൗജന്യമാക്കും, ലൗ ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തും, ഒാരോ കുടുംബത്തിലും ഒരാൾക്ക് ജോലി, ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ ഹോളിക്കും ദീപാവലിക്കും സ്ത്രീകൾക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടർ, 60 കഴിഞ്ഞ വനിതകൾക്ക് സൗജന്യ പൊതുഗതാഗത യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ ഇരുചക്രവാഹനം, വിധവാ പെൻഷൻ 800 ൽ നിന്ന് 1,500 രൂപയായി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കി ഉയർത്തും, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും എന്നിവയുമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 212 കാര്യങ്ങളിൽ 92 ശതമാനവും നടപ്പിലാക്കിയെന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് അമിത് ഷാ പറഞ്ഞു. കൊവിഡ് വാക്സിൻ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞിരുന്നത്. അത് യു.പിയിലെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിരുന്നെങ്കിൽ സംസ്ഥാനത്ത് മൂന്നാം തരംഗ സമയത്ത് മരണനിരക്ക് വൻതോതിൽ ഉയർന്നേനെയെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 6 ന് പ്രകടനപത്രിക പുറത്തിറക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ലതാ മങ്കേഷ്‌കർ അന്തരിച്ചതിനെ തുടർന്ന് ചടങ്ങ് മാറ്റി വയ്ക്കുകയായിരുന്നു.