
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. നാളെ 58 സീറ്റുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു.പിയിലെ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ മുൻതൂക്കമുണ്ടായിരുന്ന ഈ പ്രദേശത്ത് കർഷക പ്രക്ഷോഭത്തെ തുടർന്ന് ജാട്ട് സമുദായത്തിലുണ്ടായ അതൃപ്തി വലിയ വെല്ലുവിളിയായിട്ടുണ്ട്.
എസ്.പി - ആർ.എൽ.ഡി സഖ്യം വലിയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളാണ് പടിഞ്ഞാറൻ യു.പിയിലേത്. ആർ.എൽ.ഡി 32 സീറ്റുകളിൽ മത്സരിക്കുമ്പോൾ ബാക്കി മണ്ഡലങ്ങളിൽ എസ്.പിയും പോരിനിറങ്ങുന്നു. ആദ്യഘട്ടത്തിലെ 58 സീറ്റുകളിലും ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. ബി.എസ്.പിയും കോൺഗ്രസും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ പടിഞ്ഞാറൻ യു.പിയിൽ ബി.എസ്.പി ശക്തമായ മത്സരം കാഴ്ച വച്ച് 20 ശതമാനത്തോളം വോട്ട് നേടിയ 58 മണ്ഡലങ്ങൾ 11 ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. യു.പിയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് 14ന് നടക്കും. സംസ്ഥാനത്തെ 9 ജില്ലകളിലായുള്ള 55 സീറ്റുകളിലാണ് 14ന് തിരഞ്ഞെടുപ്പ്.