karnataka-hijab-issue

ബംഗളൂരു: കർണാടകയിൽ കോളേജുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയതിനെ തുടർന്നുണ്ടായ പ്രതിഷേധം വ്യാപകമായ സംഘർഷത്തിനിടയാക്കി. ഉഡുപ്പി മഹാത്മഗാന്ധി കോളേജിൽ കാവി ഷാൾ ധരിച്ച വിദ്യാർത്ഥികളും ഹിജാബ് അനുകൂല വിദ്യാർത്ഥികളും ഏറ്റുമുട്ടി. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. വിവിധ കോളേജുകളിലേക്ക് സംഘർഷം വ്യാപിച്ചതോടെ സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മൂന്ന് ദിവസം അടച്ചിടാൻ തീരുമാനിച്ചതെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി സർക്കാർ പ്രീ - യൂണിവേഴ്സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്നും വാദം തുടരും. ഹിജാബിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ കാവി ഷാൾ അണിഞ്ഞ് കലാലയങ്ങളിലെത്തിയതോടെയാണ് കർണാടക സർക്കാർ രണ്ടും നിരോധിച്ച് ഉത്തരവിറക്കിയത്. ഇന്നലെ ബാഗൽകോട്ടിലെ സർക്കാർ കോളേജിലും ഇരുവിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടി. ഒരു വിഭാഗം കോളേജ് കൊടിമരത്തിൽ കാവി കൊടിയുയർത്തി. ശിവമോഗയിലും അക്രമങ്ങൾ അരങ്ങേറി.

സമാധാനം നിലനിറുത്തണമെന്ന് കോടതി

വിദ്യാർത്ഥികളും ജനങ്ങളും സമാധാന അന്തരീക്ഷം നിലനിറുത്തണമെന്ന് കർണാടക ഹൈക്കോടതി. പൊതുജനങ്ങളുടെ വിവേകത്തിലും ധാർമ്മികതയിലും കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് പറഞ്ഞു. ഹർജിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോടതി വാദം കേൾക്കും.