snow-falling-at-himalaya

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ കമെ‌ംഗ് സെക്ടറിൽ അതിർത്തിക്ക് സമീപം ഇക്കഴിഞ്ഞ ഞായറാഴ്ചയുണ്ടായ മഞ്ഞിടിച്ചിലിൽ കാണാതായ ജമ്മു കാശ്മീർ റൈഫിൾസിലെ ഏഴ് സൈനികരും മരിച്ചു. തിരിച്ചിലിനിടെ ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി കരസേന അറിയിച്ചു. മൃതദേഹങ്ങൾ സമീപത്തെ സേനാ ആശുപത്രിയിലേക്ക് മാറ്റി.

അരുണാചൽ പ്രദേശിലെ തവാംഗിൽ സമുദ്രനിരപ്പിൽ നിന്ന് 14500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും മോശം കാലാവസ്ഥ തടസമായി. സൈനികരുടെ മരണത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ അനുശോചിച്ചു.