
ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്കുള്ള ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി നൽകി. നയപരമായ തീരുമാനത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. നിവേദനം നൽകി ഒരാഴ്ചയ്ക്കുള്ളിൽ ഹർജി തീർപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് ഡ്യൂട്ടികളിൽ വ്യാപൃതരായതിനാൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാനായില്ലെന്നും വിവിധ സംസ്ഥാനങ്ങളിൽ ഇതിന് വ്യത്യസ്ത ഷെഡ്യൂളുകളാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്തഗി വാദിച്ചു. ഹർജിക്കാർ ഉന്നയിക്കുന്ന പ്രശ്നം നയപരമായതിനാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാൻ അനുമതി നൽകുകയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2022 മാർച്ച് 12 ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2022 മേയിലേക്ക് മാറ്റിയിരുന്നു.