nasal-spray

ന്യൂഡൽഹി: മൂക്കിലെത്തുന്ന കൊവിഡ് വൈറസിനെ സംഹരിച്ച് രോഗം ബാധിക്കുന്നത് തടയാൻ സഹായിക്കുന്ന നൈട്രിക് ഒാക്‌സൈഡ് നേസൽ സ്‌പ്രേ എന്ന നോൺസിന് (ഫാബി സ്‌പ്രേ) ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ അനുമതി നൽകി. മുതിർന്നവരിലെ ചികിത്സയ്ക്കാണ് അനുമതി.

മൂക്കിലെ മ്യൂക്കോസ് പ്രതലത്തിൽ വൈറസിനെതിരെ കടുത്ത പ്രതിരോധം തീർക്കാനും ശ്വാസകോശത്തിലേക്ക് കടക്കുന്നത് തടയാനും മരുന്നിന് കഴിയുമെന്നാണ് വിലയിരുത്തൽ. മരുന്ന് ആൽഫാ, ബീറ്റാ, ഗാമാ, ഡെൽറ്റ, എപ്സിലൻ വകഭേദങ്ങളെ രണ്ട് മിനിട്ടിൽ കൊല്ലുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

മൂക്കിൽ തളിക്കുന്ന സ്പ്രേ വൈറസ് സാന്നിധ്യം 24 മണിക്കൂറിനുള്ളിൽ 94 ശതമാനവും 48 മണിക്കൂറിനുള്ളിൽ 99 ശതമാനവും കുറയ്ക്കുമെന്നും സുരക്ഷിതമാണെന്നും ആളുകളിൽ പരീക്ഷിച്ച് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അനുമതി. മുംബയ് ആസ്ഥാനമായ ഗ്ളെൻമാർക്കും സാനോടൈസും ചേർന്നാണ് മരുന്ന് നിർമ്മിക്കുന്നത്.