karnataka-hijab-issue

ബംഗളൂരുവിൽ കോളേജുകളുടെ ചുറ്റളവിൽ നിരോധനാജ്ഞ

ബംഗളൂരു: കർണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. നിരോധനത്തിനെതിരായ ഇടക്കാല ഉത്തരവ് ഉൾപ്പെടെ വിശാല ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണദീക്ഷിത് പറഞ്ഞു. എല്ലാ രേഖകളും ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്. വ്യക്തിനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കേണ്ടത് മൂലം അടിസ്ഥാനപരമായ ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയർന്ന് വരുമെന്നതിനാലാണ് വിശാല ബെഞ്ച് വേണമെന്ന് നിശ്ചയിച്ചതെന്ന് കോടതി വ്യക്തമാക്കി.

ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് നടത്തിയ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചതോടെ ബംഗളൂരു നഗരത്തില സ്കൂൾ, പ്രീ യൂണിവേഴ്സിറ്റി കോളേജുകൾ, സമാനമായ മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങളും സമരങ്ങളും യോഗങ്ങളും പൊലീസ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു.

വിദ്യാർത്ഥികൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് കാവിഷാൾ ധരിച്ചും ഹിജാബ് ധരിച്ചും പ്രതിഷേധിച്ചതിനാലാണിത്. സംസ്ഥാനത്തെ കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസും കാമ്പസ് ഫ്രണ്ടുമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു. ഇന്നലെ ദാവൺഗരെയിലും ശിവമോഗയിലും പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികളെ പൊലീസ് വിരട്ടിയോടിച്ചു. ശിവമോഗ സർക്കാർ കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ ഉയർത്തിയ കാവികൊടി കോൺഗ്രസ് പ്രവർത്തകർ അഴിച്ചുമാറ്റി പകരം ദേശീയ പതാക ഉയർത്തി.

എന്ത് ധരിക്കണമെന്നത്

അവകാശം: പ്രിയങ്ക ഗാന്ധി

എന്ത് ധരിക്കണമെന്നത് സ്ത്രീകളുടെ അവകാശമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

'ബിക്കിനിയായാലും ജീൻസായാലും ഹിജാബായാലും എന്ത് ധരിക്കണമെന്നുള്ളത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്. ഈ അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്."

പാകിസ്ഥാൻ

ഇടപെടേണ്ടന്ന് ഒവൈസി

ഹിജാബ് വിഷയത്തിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷേഖ് റാഷിദ് നടത്തിയ പ്രസ്താവനക്കെതിരെ എ.ഐ.എം.എം നേതാവ് അസദുദ്ദീൻ ഒവൈസി.

'ഇത് ഞങ്ങളുടെ രാജ്യത്തെ വിഷയമാണ്. നിങ്ങൾ അഭിപ്രായം പറയേണ്ടതില്ല. നിങ്ങളുടെ രാജ്യത്ത് ഒരു അമുസ്ലിമിന് പ്രധാനമന്ത്രിയാകാൻ കഴിയില്ല. ബലൂചികളോടും മൊജാഹിറുകളോടും ഷിയാകളോടും നിങ്ങൾ എന്താണ് കാണിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിക്ക് നേരെ ചിലർ ജയ് ശ്രീരാം വിളിച്ച്‌ പ്രതികരിച്ചപ്പോൾ അവൾ എടുത്ത നിലപാട് ധീരമായിരുന്നുവെന്നും' ഒവൈസി പറഞ്ഞു.

ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം.

-മലാല യുസഫ്സായ്, നോബേൽ ജേതാവ്