modi

ന്യൂഡൽഹി: രാഷ്‌ട്രീയ പാർട്ടികളിലെ കുടുംബാധിപത്യം രാജ്യത്തിന് ആപത്താണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി ജയിക്കുമെന്നും മോദി പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

സോഷ്യലിസ്റ്റ് നേതാക്കളായ ലോഹ്യയുടെയും ജോർജ്ജ് ഫെർണാണ്ടസിന്റെയും കുടുംബങ്ങളെ ആരെങ്കിലും കണ്ടിരുന്നോ. മറ്റൊരു സോഷ്യലിസ്റ്റായ നിതീഷ് കുമാറിനൊപ്പവും കുടുംബക്കാരില്ല. അതേസമയം സമാജ്‌‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സ്വന്തം കുടുംബത്തിനായാണ് പ്രവർത്തിക്കുന്നത്. യു.പിയിൽ അവരുടെ കുടുംബത്തിലെ 45 പേരെങ്കിലും സുപ്രധാന തസ്തികയിലുണ്ട്. 25 വയസു തികയുന്നവർക്കെല്ലാം തിരഞ്ഞെടുപ്പിൽ സീറ്റു നൽകുന്നു.

ഒരു കുടുംബത്തിലെ ഒന്നോ രണ്ടോ ആളുകൾ രാഷ്‌ട്രീയത്തിൽ വരുന്നതുപോലെയല്ല എല്ലാ നിർണായക സ്ഥാനങ്ങളും ഒരു കുടുംബത്തിന് ലഭിക്കുന്നത്. പിതാവ് അല്ലെങ്കിൽ മകൻ അദ്ധ്യക്ഷനോ പാർലമെന്ററി നേതാവോ ആകും. ജമ്മുകാശ്മീർ, യു.പി, ഹരിയാന, ജാർഖണ്ഡ്, തമിഴ്നാട് സംസ്ഥാനങ്ങളിലെല്ലാം കുടുംബാധിപത്യമുണ്ടെന്ന് പ്രതിപക്ഷ പാർട്ടികളെ സൂചിപ്പിച്ച് മോദി പറഞ്ഞു. അവർക്കെല്ലാം രാജ്യതാത്പര്യത്തേക്കാൾ വലുതാണ് കുടുംബം.

രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യം യുവാക്കളുടെ അവസരം ഇല്ലാതാക്കുന്നു. അടിസ്ഥാന ചട്ടങ്ങൾ ലംഘിക്കുന്ന ഈ സമ്പ്രദായം ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും മോദി പറഞ്ഞു.

പാർലമെന്റിൽ തന്റെ മുത്തച്ഛനായ നെഹ്‌റുവിനെ അധിക്ഷേപിച്ചെന്ന രാഹുലിന്റെ ആരോപണത്തിന് താൻ മുൻ പ്രധാനമന്ത്രിയെക്കുറിച്ചാണ് പറഞ്ഞതെന്ന് മോദി മറുപടി നൽകി. രാഹുലിനോട് എന്തെങ്കിലും നേരിട്ട് പറയാനാണെങ്കിൽ അയാൾ സഭയിൽ സ്ഥിരമായി വരികയോ, കാര്യങ്ങൾ ശ്രദ്ധിക്കുകയോ ചെയ്യാറില്ലെന്നും മോദി പറഞ്ഞു. രാഹുൽ ചൂണ്ടിക്കാട്ടിയ വസ്തുതകൾക്ക് വിവിധ മന്ത്രാലയങ്ങൾ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്ത വരാൻ വേണ്ടിയല്ല താൻ ജോലി ചെയ്യുന്നതെന്നും രാജ്യത്തിന്റെ അജണ്ട ലോകമെങ്ങും എത്തിക്കലാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

ലഖിംപൂർഖേരിയിൽ സർക്കാർ നടപടികളെല്ലാം സുതാര്യമാണ്. സുപ്രീംകോടതിയുടെ തീരുമാനങ്ങൾക്ക് അനുസൃതമായാണ് യോഗി സർക്കാർ പ്രവർത്തിക്കുന്നത്. യു.പിയിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി ഇറങ്ങി നടക്കാനുള്ള സാഹചര്യമുണ്ടായി. റദ്ദാക്കിയ കാർഷിക നിയമങ്ങളെയും അദ്ദേഹം ന്യായീകരിച്ചു.

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം തള്ളിയ മോദി അന്വേഷണങ്ങൾ അഴിമതി ഇല്ലാതാക്കാനുള്ള നടപടിയാണെന്നും അതുവഴി കോടിക്കണക്കിന് രൂപ ഖജനാവിൽ എത്തിയെന്നും പറഞ്ഞു. ജയമായാലും തോൽവിയായാലും തിരഞ്ഞെടുപ്പുകൾ ബി.ജെ.പിക്ക് തുറന്ന സർവകലാശാല പോലെയാണെന്നും തിരഞ്ഞെടുപ്പുകൾ പുതിയ ആളുകളെ കൊണ്ടുവരാനും ഇടപെടൽ നടത്താനുമുള്ള അവസരമാണെന്നും മോദി പറഞ്ഞു.