
അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 49 പേരുടെ ശിക്ഷ സംബന്ധിച്ച വാദം നാളെ നടക്കും. ചൊവ്വാഴ്ച കേസിൽ വിധി പറഞ്ഞ പ്രത്യേക കോടതി ജഡ്ജി എ.ആർ പട്ടേൽ 49 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 28 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ശിക്ഷ തീരുമാനിക്കാൻ കോടതി നാളെ ചേരും.
കേസിലെ തുടർ നടപടികൾ തീരുമാനിക്കുന്നതിന് മുമ്പ് രേഖകൾ ശേഖരിക്കാൻ പ്രതിഭാഗം സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്.
13 വർഷത്തിന് മുമ്പ് നടന്ന സ്ഫോടനത്തിൽ 56 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശിക്ഷിക്കപ്പെട്ട പ്രധാന കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കാൻ ശ്രമം നടത്തുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പട്ടേൽ പറഞ്ഞു. സ്‌ഫോടനം തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 547 കുറ്റപത്രങ്ങൾ സമർപ്പിക്കുകയും 1,163 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന 32 പേർ ഉൾപ്പെടെ രാജ്യത്തെ 6 ജയിലുകളിലായാണ് പ്രതികൾ കഴിയുന്നത്. കുറ്റവിമുക്തരാക്കപ്പെട്ട 28 പേരിൽ 6 പേർക്ക് മാത്രമെ പുറത്തിറങ്ങാൻ കഴിയൂ. ബാക്കിയുള്ളവരുടെ പേരിൽ മറ്റ് കേസുകൾ നിലവിലുണ്ട്. മുൻകാല കേസുകളിലും എൻ.ഐ.എ കേസുകളിലുമായി ശിക്ഷ അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
2008 ജൂലായ് 26ന് വൈകിട്ട് 6.32 നും 7.45 നും ഇടയിലായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 20 സ്ഫോടനങ്ങളാണ് നടന്നത്. പൊട്ടിത്തെറിക്കാത്ത 29 ബോംബുകളും കണ്ടെത്തിയിരുന്നു.