ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പടിഞ്ഞാറൻ ഉത്തർപ്രദേശിലേതുൾപ്പെടെ 11 ജില്ലകളിലായുള്ള 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബി.ജെ.പിയും എസ്.പിയും കടുത്ത പോരാട്ടം നടത്തുന്ന മണ്ഡലങ്ങൾ കൂടിയാണിവ.
പടിഞ്ഞാറൻ യു.പിയിലെ പല മണ്ഡലങ്ങളിലും എസ്.പി - ആർ.എൽ.ഡി സഖ്യം ഭരണകക്ഷിയായ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പിയ്ക്കായിരുന്നു മുൻതൂക്കം.
അഭിപ്രായ സർവ്വേ പ്രകാരം സീറ്റുകൾ കുറയുമെങ്കിലും ഇവിടെ കൂടുതൽ സീറ്റ് നേടുന്ന പാർട്ടി ബി.ജെ.പിയായിരിക്കുമെന്നാണ് പ്രവചനം. അതേ സമയം, ഇവിടെ ജാട്ട് വിഭാഗത്തിൽ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിക്കുള്ള സ്വാധീനവും ബി.ജെ.പിയോടുള്ള കർഷക പ്രതിഷേധവും തങ്ങൾക്കനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് എസ്.പി മുന്നണി.