
ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവർക്ക് 14 മുതൽ 7 ദിവസത്തെ ക്വാറന്റൈന് പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം നിർദ്ദേശിക്കുന്ന പുതിയ മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. നിരീക്ഷണ കാലത്ത് കൊവിഡ് പരിശോധന ആവശ്യമില്ല. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ചില രാജ്യങ്ങളെ 'അറ്റ് റിസ്ക്' വിഭാഗമാക്കിയതും ഒഴിവാക്കി. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യാം. അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പുള്ള ആർടി.പി.സി.ആർ നെഗറ്റീവ് റിപ്പോർട്ട് നൽകണം. 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കവെ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ വിവരമറിയിക്കണം. വിദേശത്തു നിന്നെത്തുന്ന രണ്ടു ശതമാനം വീതം ആളുകളിൽ നിന്ന് സാമ്പിളെടുത്ത് പരിശോധന നടത്തുകയും പോസിറ്റീവ് ആയാൽ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുകയും ചെയ്യും.