covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും കേരളം, തമിഴ്നാട്, കർണാ‌ക, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ അരലക്ഷത്തിന് മുകളിൽ ആളുകൾ ചികിത്സയിലുണ്ടെന്നും മിസോറാം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയന്ത്രണവിധേയമായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു .

രാജ്യത്ത് ജനുവരി 24ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.75ശതമാനമായിരുന്നത് ഇപ്പോൾ 4.44ശതമാനമായി കുറഞ്ഞു.

ഫെബ്രുവരി 10വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 32 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. എന്നാൽ ഫെബ്രുവരി 9ന് ശേഷം കേസുകൾ കുറയുന്ന പ്രവണത കാണുന്നു. ഫെബ്രുവരി 9വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 10ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോർട്ട് ചെയ്യുന്ന 141 ജില്ലകളാണുള്ളത്. എങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടെന്നും ലവ് അഗർവാൾ പറഞ്ഞു.കൊവിഡ് വൈറസിനെക്കുറിച്ചുള്ള പൂർണമായ അറിവുകൾ ലഭ്യമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും നീതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ.വി.കെ.പോൾ ചൂണ്ടിക്കാട്ടി.