modi

ന്യൂഡൽഹി:കുടുംബാധിപത്യ പാർട്ടികൾ യു.പിയിൽ അധികാരത്തിലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ കൊവിഡ് വാക്സിൻ വില്പന കരിഞ്ചന്തയിൽ നടക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. യു.പിയിലെ സഹാരൻപൂരിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബാധിപത്യ പാർട്ടികളെ ജനങ്ങൾ അംഗീകരിക്കില്ല. ഇവർ മുമ്പ് അധികാരത്തിലിരുന്നപ്പോൾ നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ അവഗണിച്ചു. സ്വന്തം കുടുംബത്തിനപ്പുറം ഒന്നും കാണാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അവർ ചെയ്തതൊന്നും ജനങ്ങൾ മറക്കില്ലെന്ന് അവർക്ക് നന്നായി അറിയാം. അതു കൊണ്ട് പൊള്ളയായ വാഗ്ദാനം നൽകുകയാണ്. അവർ സംസ്ഥാനം ഭരിച്ചിരുന്നപ്പോൾ കലാപകാരികളെയും മാഫിയകളെയുമാണ് സഹായിച്ചത്. അവർക്ക് മനംമാറ്റം വന്നത് കൊണ്ടല്ല ഇപ്പോൾ വാഗ്ദാനങ്ങൾ വാരിക്കോരി ചൊരിയുന്നത്. അധികാരം കൈപ്പിടിയിലാക്കാൻ അവസരത്തിനായി അവർ കാത്തിരിക്കുകയാണ്. എന്നാൽ അതുകൊണ്ടൊന്നും പ്രയോജനമില്ല. യു.പിയിൽ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കലാപങ്ങളില്ലാത്ത യു.പിയെ സൃഷ്ടിക്കുകയും ക്രിമിനലുകളെ ജയിലിലാക്കി സഹോദരിമാർക്ക് ഭയമില്ലാതെ ജീവിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തത് ബി.ജെ.പി സർക്കാരാണ്. മുത്തലാഖ് നിയമം കൊണ്ടുവന്നപ്പോൾ മുസ്ലിം സ്ത്രീകൾ ബി.ജെ.പിയെ പരസ്യമായി പിന്തുണയ്ക്കുകയാണ്. അവർ തന്നെ പുകഴ്ത്താൻ തുടങ്ങിയതോടെ പലർക്കും വയറ്റിൽ അസ്വസ്ഥത തുടങ്ങിയെന്നും മോദി പരിഹസിച്ചു.