
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തികാവസ്ഥ മോശമാക്കിയ അന്ധകാര കാലമായിരുന്നു യു.പി.എ ഭരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ആരോപിച്ചു. നരേന്ദ്രമോദി സർക്കാർ ആസ്ഥിതിയിൽ നിന്ന് രാജ്യത്തെ രക്ഷിച്ചെന്നും അവർ ലോക്സഭയിൽ ബഡ്ജറ്റ് ചർച്ചയ്ക്ക് മറുപടി പറയവെ ചൂണ്ടിക്കാട്ടി. നാണയപ്പെരുപ്പം ഇരട്ട അക്കത്തിൽ തുടർന്ന സമയമായിരുന്നു കോൺഗ്രസ് ഭരണ കാലം. ഒാരോ ദിവസവും ഒാരോ അഴിമതിയുമായാണ് നേരം പുലർന്നത്. യു.പി.എയുടെ അന്ധകാര കാലത്തെ ഇല്ലായ്മ ചെയ്ത നരേന്ദ്രമോദി സർക്കാർ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു.
കൊവിഡ് മൂലം 2020-21 വർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 9.57 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായെന്നും ഇപ്പോൾ രാജ്യം കൊവിഡിന് മുൻപുള്ള സാഹചര്യത്തിലേക്ക് തിരിച്ചു വരികയാണെന്നും നഗരങ്ങളിൽ തൊഴിലഭ്യത വർദ്ധിച്ചെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ്വ്യവസ്ഥ യു.എസിനെക്കാൾ വേഗത്തിൽ തിരിച്ചു വരികയാണെന്നും അവർ പറഞ്ഞു.