v

ന്യൂഡൽഹി:യു.പി നിയമസഭയിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 60.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പടിഞ്ഞാറൻ യു.പിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും എസ്.പി അടക്കമുള്ള പ്രതിപക്ഷവും ഒരു പോലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജാട്ട്, മുസ്ലിം വിഭാഗങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് നടന്നു. ഉച്ചയ്ക്ക് മുമ്പ് തന്നെ 40 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയരുന്നു.

കൈരാനയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ പോളിംഗ് ശതമാനം 70 കടന്നു. വൈകിട്ട് അഞ്ചായപ്പോൾ തന്നെ 57.79 ശതമാനം പോളിംഗ് നടന്നിരുന്നു. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 വരെ തുടർന്നു. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് ഷാംലിയിലാണ്. ഇവിടെ 66.14 ശതമാനമായിരുന്നു പോളിംഗ്. മുസാഫർപൂർ - 65. 32 % മഥുര, 62.90% ഗാസിയാബാദ്, മീററ്റ്, ആഗ്ര എന്നീ ജില്ലകളിൽ യഥാക്രമം 52.43,60, 60.23 ശതമാനം എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.

കർഷക രോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് എസ്.പി - ആർ.എൽ.ഡിപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 58 ൽ 53 ഉം നേടിയ ബി.ജെ.പി ഇത്തവണയും മേൽക്കൈ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. അതേസമയം, ചില ഇ.വി.എമ്മുകളിൽ സാങ്കേതിക പിഴവ് സംഭവിച്ചതായി പരാതി ലഭിച്ചുവെന്ന് അഡീഷണൽ ചീഫ് ഇലക്ഷൻ ഓഫീസർ ബി.ഡി രാംതിവാരി പറഞ്ഞു.