
ന്യൂഡൽഹി: കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
'ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകും. അടിയന്തിരമായി പരിഗണിക്കേണ്ടതില്ല. ഹർജിയിൽ ഇടപെടേണ്ട സമയമായിട്ടില്ല. വിഷയം ദേശീയ തലത്തിലേക്ക് വ്യപിക്കരുതെന്നും' ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.
ഡോ.ജെ.ഹള്ളി ഫെഡറേഷൻ ഓഫ് മസ്ജിദ് മദ്രസാസ് ആൻഡ് വഖഫ് ഇൻസ്ട്രഷൻസ് എന്ന സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.
അടിയന്തിരമായി വാദം കേൾക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. 15 മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പിലാക്കിയാൽ പരീക്ഷയ്ക്ക് ഹാജരാകാൻ ബുദ്ധിമുട്ടാകുമെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി. ഉത്തരവ് സിഖ് മതവിഭാഗത്തിൽപ്പെട്ടവർക്കും ബുദ്ധിമുട്ടാകുമെന്നും ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി.
എന്നാൽ ഹർജിയിൽ ഉടൻ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.
'കർണാടകയിൽ നടക്കുന്നത് ഞങ്ങൾ വീക്ഷിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതിയാണ് ആദ്യം തീരുമാനമെടുക്കേണ്ടത്. എല്ലാ വിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിക്ക് ബാദ്ധ്യതയുണ്ട്.' ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീംകോടതിയുടെ നിരീക്ഷണം
കർണാടകയിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുത്. ഇത് ദേശീയ തലത്തിൽ ചർച്ചയാക്കണമോയെന്ന് ആലോചിക്കണം. ദയവായി ഇത് വലിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കരുത്. ഇത് വലിയ രീതിയിൽ ചർച്ചയാക്കേണ്ടതില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ഇത് ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ? ഭരണഘടനാപരമായ അവകാശങ്ങൾ എല്ലാവർക്കും ഉണ്ട്. ഈ കോടതി അത് സംരക്ഷിക്കും. ഉചിതമായ സമയത്ത് ഇടപെടും.