
ന്യൂഡൽഹി: കൊവിഡ് മൂലം ചൈന വിസ നൽകാത്തതിനാൽ ഇന്ത്യയിൽ പ്രാക്ടിക്കൽ പരിശീലനത്തിന് സൗകര്യം തേടി, അവിടത്തെ മെഡിക്കൽ കോളേജുകളിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥികൾ, ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് നിർണായകം.
വിദ്യാർത്ഥികൾക്ക് രണ്ടു വർഷമായി ഓൺലൈൻ ക്ളാസാണ്. ഈ സാഹചര്യത്തിൽ, എം.ബി.ബി.എസ് ഓൺലൈൻ ക്ളാസിന് അംഗീകാരമില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ സെക്രട്ടറി സർക്കുലർ ഇറക്കിയിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനും മെഡിക്കൽ കൗൺസലിനും നോട്ടീസ് അയച്ച ഹൈക്കോടതി, കേസ് മാർച്ച് 21ന് കേൾക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിദേശകാര്യമന്ത്രാലയം വഴി ചൈനയുമായി ചർച്ച നടത്തി യാത്രാതടസം നീക്കുക, ചൈനീസ് സർവകലാശാലയിൽ നിന്ന് അനുമതി വാങ്ങി പ്രാക്ടിക്കൽ പരിശീലനം, ഇന്റേൺഷിപ്പ് എന്നിവയ്‌ക്ക് ഇന്ത്യയിൽ അവസരമൊരുക്കുക എന്നീ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ അനുഭാവപൂർണമായ നിലപാടെടുക്കുമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ. വിദ്യാർത്ഥികളുടെ ഭാവി പരിഗണിക്കണമെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നു. 2020 നവംബറിന് ശേഷം ചൈന പുതിയ വിസ അനുവദിച്ചിട്ടില്ല.
ബാധകം പുതുതായി ചേരുന്നവർക്ക്
ഓൺലൈൻ കോഴ്സുകൾക്ക് അംഗീകാരമില്ലാത്തതിനാൽ ചൈനയിൽ പുതുതായി ചേരുന്നവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്ന സർക്കുലർ പുതിയ കോഴ്സുകളിൽ ചേരുന്നവർക്ക് മാത്രമാണ് ബാധകമെന്ന് മെഡിക്കൽ കമ്മിഷനിൽ നിന്ന് ഉറപ്പുലഭിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. നിലവിലെ വിദ്യാർത്ഥികൾക്ക് ചൈനയിൽ തിരിച്ചു പോയി പ്രാക്ടിക്കലും ഇന്റേൺഷിപ്പും ചെയ്യുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
എൻ.എം.സി എതിരല്ല
കൊല്ലം: നാഷണൽ മെഡിക്കൽ കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലർ ചൈനയിൽ നിന്നു എം.ബി.ബി.എസ് വിജയിച്ചതും നിലവിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് എതിരല്ലെന്ന് ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഗീർ പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ മാത്രമായുള്ള മെഡി. വിദ്യാഭ്യാസം ഇന്ത്യയിൽ അംഗീകരിക്കില്ല. അതുകൊണ്ട് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് സർക്കുലറിലൂടെ ഉദ്ദേശിച്ചത്. പഠനം തുടരുന്നവർക്ക് എൻ.എം.സിയും വിദേശകാര്യ മന്ത്രാലയവും എല്ലാപിന്തുണയും നൽകുന്നുണ്ട്. ഓൺലൈൻ തിയറി ക്ലാസുകൾക്ക് അംഗീകാരമുണ്ട്. കോളേജുകൾ തുറക്കുമ്പോൾ ക്ലിനിക്കൽ, പ്രാക്ടിക്കൽ ക്ലാസുകൾ പൂർത്തിയാക്കണമെന്ന നിബന്ധന മാത്രമാണ് വച്ചിട്ടുള്ളത്.
ചൈനയിലേക്ക് മടങ്ങുന്നതുവരെ ഇവിടെ ക്ലിനിക്കൽ പ്രാക്ടീസിന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനോട് അനുമതി ചോദിച്ചിരുന്നു. പഠിക്കുന്ന സർകലാശാലയുടെ ശുപാർശക്കത്തോടെ അപേക്ഷിക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
`വിദ്യാർത്ഥികളുടെ യാത്രാനിരോധനം നീക്കാൻ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, ചൈന കർശന നിലപാട് തുടരുകയാണ്.'
- വിദേശകാര്യ മന്ത്രാലയ വക്താവ്