
ന്യൂഡൽഹി: പോക്സോ കേസുകളിൽ വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച് വ്യാപക വിമർശനം നേരിട്ട ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനേഡിവാല രാജിവച്ചു. നിലവിൽ നാഗ്പൂർ ബെഞ്ചിന്റെ അദ്ധ്യക്ഷയായിരുന്നു. അഡിഷണൽ ജഡ്ജിയെന്ന നിലയിലെ കാലാവധി അവസാനിക്കുന്നതിന്റെ തലേ ദിവസമാണ് പുഷ്പ രാജി നൽകിയത്. വിവാദ വിധികളെ തുടർന്ന് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചിരുന്നു.
കാലാവധി നീട്ടി നൽകുകയോ സുപ്രീംകോടതി കൊളീജിയത്തിലേക്ക് ഉയർത്തുകയോ ചെയ്യാത്ത പശ്ചാത്തലത്തിലാണ് രാജിയെന്നാണ് വിവരം.
കഴിഞ്ഞ വർഷം വ്യത്യസ്തമായ മൂന്ന് പോക്സോ കേസുകളിൽ പ്രതികളെ വെറുതെ വിട്ട പുഷ്പയുടെ നടപടി വലിയ വിവാദത്തിലായിരുന്നു. ഒരാഴ്ചയ്ക്കുള്ളിലായിരുന്നു മൂന്നു വിധികളും.
2007ൽ ജില്ലാ ജഡ്ജിയായ പുഷ്പ 2019 ഫെബ്രുവരി 13നാണ് ബോംബെ ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി നിയമിതയായത്. ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാകാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ ജനുവരി 20നാണ് റദ്ദാക്കിയത്.
വിവാദ ഉത്തരവുകൾ
2021 ജനുവരി 14 ന് പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസിൽ സെഷൻസ് കോടതി ശിക്ഷിച്ച യുവാവിനെ വെറുതെ വിട്ടു.
2021 ജനുവരി 15 ന് പെൺകുട്ടിയുടെ കൈകൾ കൂട്ടിപ്പിടിച്ച ശേഷം അമ്പതുകാരൻ പാന്റിന്റെ സിബ്ബ് അഴിച്ചത് പോക്സോപ്രകാരം നിലനിൽക്കുന്ന കുറ്റമല്ലെന്ന് വിലയിരുത്തി പ്രതിയെ വെറുതെ വിട്ടു.
2021 ജനുവരി 19ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ച 39 കാരനെതിരായ പോക്സോ കേസ് റദ്ദാക്കി. ചർമ്മത്തിൽ സ്പർശിച്ചാൽ മാത്രമെ പോക്സോ നിയമമനുസരിച്ചുള്ള കുറ്റകൃത്യമാകൂവെന്നായിരുന്നു ജസ്റ്റിസ് പുഷ്പയുടെ വിലയിരുത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 354-ാം വകുപ്പനുസരിച്ചുള്ള മാനഭംഗ കുറ്റം മാത്രമെ ആകൂവെന്ന് നിരീക്ഷിച്ചായിരുന്നു പോക്സോ കുറ്റം റദ്ദാക്കിയത്.
അറ്റോർണി ജനറൽ നൽകിയ അപ്പീലിനെ തുടർന്ന് ഈ വിവാദ വിധികൾ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ജസ്റ്റിസ് പുഷ്പ ഗനേഡിവാല
1969ൽ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ പറാഠ്വാഡയിൽ ജനനം.
കൊമേഴ്സിൽ ബിരുദം നേടിയ ശേഷം എൽ.എൽ.ബി, എൽ.എൽ.എം ബിരുദങ്ങൾ നേടി.
2007 ൽ ജില്ലാ ജഡ്ജിയായി
മുംബയിലെ സിറ്റി സിവിൽ കോടതിയിലും നാഗ്പൂരിലെ ജില്ലാ, കുടുംബ കോടതികളിലും സേവനമനുഷ്ഠിച്ചു.
പിന്നീട് നാഗ്പൂരിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട്, സെഷൻസ് ജഡ്ജിയായി
തുടർന്നാണ് ബോംബെ ഹൈക്കോടതിയിലെത്തുന്നത്.