nirmala-sitharaman

ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ ഡിജിറ്റൽ സ്വത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ക്രിപ്റ്റോ കറൻസിക്കുള്ള സർക്കാർ അംഗീകാരമല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ദാരിദ്ര്യം ഒരു സങ്കൽപമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരായ ആക്രമണവും രാജ്യസഭയിലെ ബഡ്ജറ്റ് ചർച്ചയ്‌ക്കുള്ള മന്ത്രിയുടെ മറുപടി പ്രസംഗത്തിലുണ്ടായിരുന്നു.

ക്രിപ്‌റ്റോ കറൻസി നിരോധിക്കാനോ, നിയമാനുസൃതമാക്കാനോ സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. സർക്കാരിന് ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. അതിനാൽ ഡിജിറ്റൽ സ്വത്തിനുള്ള നികുതി നിർദ്ദേശത്തെ ക്രിപ്‌റ്റോ കറൻസിക്കുള്ള അംഗീകാരമായി കാണേണ്ടതില്ല.

ബഡ്ജറ്റിൽ പാവങ്ങളെ മറന്നുവെന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയവെ ദാരിദ്ര്യം എന്നത് ഒരു സങ്കല്പമാണെന്നും അത് ഭക്ഷണം, പണം, ഭൗതിക വസ്തുക്കൾ എന്നിവയുടെ ക്ഷാമത്തെ സൂചിപ്പിക്കുന്നില്ലെന്നും ആത്മവിശ്വാസമുണ്ടെങ്കിൽ ഒരാൾക്ക് ദാരിദ്ര്യത്തെ മറികടക്കാമെന്നും മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞതായി നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി. മനസിലെ ഈ ദാരിദ്ര്യം അകറ്റുന്ന കാര്യമാണോ പ്രതിപക്ഷം പറയുന്നതെന്നും മന്ത്രി ചോദിച്ചു.

ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് അംഗങ്ങൾ ഏറെ നേരം പ്രതിഷേധിച്ചു.

അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ 'അമൃത്കാല' പദ്ധതികളെ 'രാഹു കാല'മെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ വിമർശിച്ചതിനും മന്ത്രി മറുപടി നൽകി. സ്വാതന്ത്ര്യം ലഭിച്ച് 100 വർഷത്തിനുള്ളിൽ നേടേണ്ട ലക്ഷ്യങ്ങളാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈയൊരു ദീർഘവീക്ഷണമില്ലാതെ 65 വർഷം ഭരിച്ചപ്പോൾ നേട്ടമുണ്ടായത് ഒരു കുടുംബത്തിനു മാത്രമാണ്. ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി ഇറക്കിയ ഒാർഡിനൻസ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ കീറി എറഞ്ഞ കാലമാണ് രാഹുകാലമെന്നും 2013ലെ രാഹുൽ ഗാന്ധിയുടെ നടപടി ഒാർമ്മിപ്പിച്ച് നിർമ്മല പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് ആണെങ്കിലും അതു ദുരുപയോഗം ചെയ്യപ്പെടുകയും പണമെല്ലാം അ‌ജ്ഞാത അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയും ചെയ്‌തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തകരാറുകൾ പരിഹരിച്ച് തൊഴിലുറപ്പ് സുതാര്യമാക്കിയത് മോദി സർക്കാരാണ്.

മോദി സർക്കാരിന്റെ നേട്ടങ്ങളെ വിശദീകരിച്ച മന്ത്രി 2014ൽ ഉപഭോക്തൃ വിലസൂചിക 9.1 ആയിരുന്നത് കൊവിഡ് പ്രതിസന്ധിക്കിടയിൽ പോലും 6.2ശതമാനം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി.