epf-pension

ന്യൂഡൽഹി: യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കാനുളള ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശത്തിന് തടയിടാൻ കേന്ദ്രവും ഇ.പി.എഫ്.ഒയും സുപ്രീംകോടതിയിൽ പ്രത്യേക അപ്പീൽ ഹർജിയും റിവ്യു ഹർജിയും സമർപ്പിച്ച് കാലതാമസം ഉണ്ടാക്കുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ചൂണ്ടിക്കാട്ടി. സർക്കാരും സുപ്രീംകോടതിയും അംഗീകരിച്ച് ഭാഗികമായി നടപ്പാക്കിയ ഉയർന്ന പെൻഷൻ ലഭിക്കാനുളള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. സർക്കാർ ആവശ്യം അനുസരിച്ച് സുപ്രീംകോടതി കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കാലവിളംബം ഉണ്ടാക്കി തൊഴിലാളികളുടെ അവകാശം നിഷേധിക്കാനുളള ഗൂഢതന്ത്രമാണിതെന്നും എം.പി കുറ്റപ്പെടുത്തി.

16-ാം ലോക്സഭയിൽ താൻ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ പോലും നടപ്പാക്കിയിട്ടില്ല. കുറഞ്ഞ പെൻഷൻ 1000 രൂപയിൽ നിന്നും 6000 രൂപയായി വർദ്ധിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.